---
title: "'ഭാവിയും വർത്തമാനവും' ഇനി പയ്യന്നൂർ പൊലീസ് പറയും ; കണ്ണൂരിൽ  ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി ജ്യോത്സ്യനും"
english_title: "Payyannur police will now tell 'future and present'; astrologer also caught in Operation Toofan in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363812/payyannur-police-will-now-tell-future-and-present-astrologer-also-caught-in-operation-toofan-in-kannur"
published_at: "2026-06-04T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2154f9895c2_Untitled-6_copy.jpg"
keywords: ["Operation Toofan", "Kannur", "Astrologer", "Payyannur", "Police"]
---

# 'ഭാവിയും വർത്തമാനവും' ഇനി പയ്യന്നൂർ പൊലീസ് പറയും ; കണ്ണൂരിൽ  ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി ജ്യോത്സ്യനും

> **Lead Summary:** കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരേ ശക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി പയ്യന്നൂരിൽ നടത്തിയ പരിശോധനയിൽ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിന്റെ നടത്തിപ്പുകാരനും കാങ്കോൽ വടശ്ശേരി സ്വദേശിയുമായ പെരികമന ഇല്ലത്തെ പി. ശ്രീനാഥ് നെതിരെ പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

## Article Content

കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരേ ശക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി പയ്യന്നൂരിൽ നടത്തിയ പരിശോധനയിൽ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിന്റെ നടത്തിപ്പുകാരനും കാങ്കോൽ വടശ്ശേരി സ്വദേശിയുമായ പെരികമന ഇല്ലത്തെ പി. ശ്രീനാഥ് നെതിരെ പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബുധനാഴ്ച വൈകുന്നേരമാണ് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂർ ഡാൻസാഫ് ടീമും ചേർന്ന് ജ്യോതിഷാലയത്തിൽ പരിശോധന നടത്തിയത്. സ്ഥാപനത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ റെയ്ഡ്.

പരിശോധനയ്ക്കിടെ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയിൽ സ്ഥാപിച്ചിരുന്ന ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് മയക്കുമരുന്ന് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർനടപടികൾ ആരംഭിച്ചു. ജില്ലയിൽ മയക്കുമരുന്ന് വിതരണവും ഉപയോഗവും തടയുന്നതിനായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വ്യാപക പരിശോധനകളാണ് പൊലീസ് നടത്തിവരുന്നത്.

റെയ്ഡ് സംഘത്തിൽ എസ്.സി.പി.ഒ അബ്ദുൾ ജബ്ബാർ, കണ്ണൂർ ഡാൻസാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363812/payyannur-police-will-now-tell-future-and-present-astrologer-also-caught-in-operation-toofan-in-kannur)