---
title: "പാനൂരിലും ഓപ്പറേഷൻ തൂഫാൻ ;  പാത്തിപ്പാലത്ത്  എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ"
english_title: "Operation Toofan in Panoor too; Three arrested with MDMA in Pathipalam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363741/operation-toofan-in-panoor-too-three-arrested-with-mdma-in-pathipalam"
published_at: "2026-06-04T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a211b6323420_Untitled-4_copy.jpg"
keywords: ["Panoor", "MDMA", "Patthipalam", "Arrest", "Operation Toofan"]
---

# പാനൂരിലും ഓപ്പറേഷൻ തൂഫാൻ ;  പാത്തിപ്പാലത്ത്  എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ

> **Lead Summary:** പാനൂർ: ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടപ്പാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ നടപടിയുടെ ഭാഗമായി പാത്തിപ്പാലം മേഖലയിൽ നടത്തിയ റെയ്ഡിൽ മൂന്ന് പേർ പിടിയിലായി. പാത്തിപ്പാലം കല്ലിൽ താഴെ നിധിൻരാജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയും പണവും പൊലീസ് പിടിച്ചെടുത്തത്.

## Article Content

പാനൂർ: ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടപ്പാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ നടപടിയുടെ ഭാഗമായി പാത്തിപ്പാലം മേഖലയിൽ നടത്തിയ റെയ്ഡിൽ മൂന്ന് പേർ പിടിയിലായി. പാത്തിപ്പാലം കല്ലിൽ താഴെ നിധിൻരാജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയും പണവും പൊലീസ് പിടിച്ചെടുത്തത്.

പാത്തിപ്പാലം സ്വദേശി മരുമോൻ എന്നറിയപ്പെടുന്ന നിധിൻ രാജ്, മൊകേരി വള്ളങ്ങാട് സ്വദേശി പൂതിയോട്ട് റോഷിൻ രാജീവൻ, എലാങ്കോട് കാട്ടിന്റവിട ആഷിത് എന്നിവരാണ്. ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഏകദേശം നാല് ഗ്രാം എം.ഡി.എം.എയും ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന പണവും പൊലീസ് കണ്ടെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ലഹരി വസ്തുക്കളുടെ വിൽപ്പനയും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

റെയ്ഡിന് നേതൃത്വം നൽകിയത് കണ്ണവം പൊലീസ് ഇൻസ്പെക്ടർ സുമിത്ത് കുമാർ ആയിരുന്നു. പാനൂർ സബ് ഇൻസ്പെക്ടർമാരായ ശരത്, മുഹമ്മദ് ഷജീർ, എ.എസ്.ഐ ഷാജി, എ.സി.പി സ്ക്വാഡ് അംഗങ്ങളായ നിഷാദ്, വി. ജിത്ത്, പാനൂർ പൊലീസ് തൂഫാൻ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ അഷ്റഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷംസീർ, സീന, വനിത സിവിൽ പൊലീസ് ഓഫീസർ ഷിനി എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ പൊലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363741/operation-toofan-in-panoor-too-three-arrested-with-mdma-in-pathipalam)