---
title: "ഡൽഹിയിൽ 21 പേർ മരിച്ച ഹോട്ടലിന് ഫയ‍ർ സേഫ്റ്റി ക്ലിയറൻസ് ഇല്ല ;  ഹോട്ടലുടമ അറസ്റ്റിൽ"
english_title: "Hotel in Delhi where 21 people died did not have fire safety clearance; Hotel owner arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363711/hotel-in-delhi-where-21-people-died-did-not-have-fire-safety-clearance-hotel-owner-arrested"
published_at: "2026-06-04T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21090494f71_6a20c8455992a_delhi_hotel_fire_arrest.jpg"
keywords: []
---

# ഡൽഹിയിൽ 21 പേർ മരിച്ച ഹോട്ടലിന് ഫയ‍ർ സേഫ്റ്റി ക്ലിയറൻസ് ഇല്ല ;  ഹോട്ടലുടമ അറസ്റ്റിൽ

> **Lead Summary:** ദക്ഷിണ ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപ‌ിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. ലോകേഷ് ബജാജ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് സ‍ർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

## Article Content

ദക്ഷിണ ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപ‌ിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. ലോകേഷ് ബജാജ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് സ‍ർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

ഹോട്ടലിന് ഫയ‍ർ സേഫ്റ്റി ക്ലിയറൻസ് ഉണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ കൂടുതൽ നിലകൾ നിർമിച്ചാണ് ഹോട്ടൽ പ്രവ‍ർത്തിച്ചിരുന്നതെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഫ്ലറിഷ് സ്റ്റേ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമം ലംഘിച്ചാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഹോട്ടലിന് ഡൽഹി സർക്കാർ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതി പ്രകാരമാണ് അനുമതി നൽകിയിരുന്നത്.

ഈ പദ്ധതിയിൽ ആറു മുറികൾ പ്രവർത്തിപ്പിക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ ഫ്ലറിഷ് സ്റ്റേയിൽ 25 മുറികളുണ്ടായിരുന്നു എന്നാണ് വിവരം. ബേസ്മെന്റിലും ചില മുറികളുണ്ടായിരുന്നു.

തീപിടിത്തത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. രക്ഷപ്പെടാൻ ഒരു യുവതി, കുഞ്ഞുമായി മൂന്നാം നിലയിൽ നിന്നും താഴേക്കു ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

വീഴ്ചയിൽ ഇരുവർക്കും പരുക്കേറ്റതായും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഹോട്ടലിന്റെ 5ാം നിലയില്‍ നിന്നും തൂൺ വഴിയായി വിദേശ പൗരൻ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് തെക്കൻ ഡൽഹിയെ ഞെട്ടിച്ച് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഏറെയും വിദേശികളാണെന്നാണ് വിവരം. സംഭവമുണ്ടാകുമ്പോൾ നാൽപതിലേറെ അതിഥികൾ ഹോട്ടലിലുണ്ടായിരുന്നു. ഇവരിലേറെയും തീപിടിത്തമുണ്ടാകുമ്പോൾ ഉറക്കത്തിലായിരുന്നു. ഹൗസ് റാണിയിലെ ഇടുങ്ങിയ പ്രദേശത്താണ് ഹോട്ടലുള്ളത്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾക്ക് സമീപമായതിനാൽ ഡൽഹിയിൽ ചികിത്സയുടെ ആവശ്യത്തിനെത്തുന്ന വിദേശികളിൽ പലരും താമസത്തിനായി ഫ്ലറിഷ് സ്റ്റേ തിരഞ്ഞെടുത്തിരുന്നു.

തീപിടിത്തത്തിൽ മരിച്ച വിദേശികളുടെ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വിവിധ എംബസികളുമായി ബന്ധപ്പെടുന്നത് സംബന്ധിച്ച വിവരം പങ്കുവച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363711/hotel-in-delhi-where-21-people-died-did-not-have-fire-safety-clearance-hotel-owner-arrested)