---
title: "കുഞ്ചാക്കോ ബോബന്‍റെ  സിനിമയിൽ  കാണിച്ച ഒരു  ഫോൺ നമ്പ‍ർ, കണ്ണൂർ സ്വദേശിക്ക് ഉറക്കം  പോയി, നിർമാതാക്കൾക്കെതിരെ കേസ്"
english_title: "A phone number shown in Kunchacko Boban's film caused a Kannur native to lose sleep, and a case was filed against the producers."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363425/a-phone-number-shown-in-kunchacko-bobans-film-caused-a-kannur-native-to-lose-sleep-and-a-case-was-filed-against-the-producers"
published_at: "2026-06-02T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ed5603cef0_Untitled-4_copy.jpg"
keywords: []
---

# കുഞ്ചാക്കോ ബോബന്‍റെ  സിനിമയിൽ  കാണിച്ച ഒരു  ഫോൺ നമ്പ‍ർ, കണ്ണൂർ സ്വദേശിക്ക് ഉറക്കം  പോയി, നിർമാതാക്കൾക്കെതിരെ കേസ്

> **Lead Summary:** വ്യക്തിയുടെ അനുമതിയില്ലാതെ ഫോൺ നമ്പർ സിനിമയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം സിജെഎം കോടതി നിർദേശം നൽകി. വ്യക്തി വിവര ദുരുപയോഗവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി നടപടി സ്വീകരിക്കാനാണ് സിറ്റി പൊലീസിനോട് കോടതി നിർദേശിച്ചത്.

## Article Content

വ്യക്തിയുടെ അനുമതിയില്ലാതെ ഫോൺ നമ്പർ സിനിമയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം സിജെഎം കോടതി നിർദേശം നൽകി. വ്യക്തി വിവര ദുരുപയോഗവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി നടപടി സ്വീകരിക്കാനാണ് സിറ്റി പൊലീസിനോട് കോടതി നിർദേശിച്ചത്.

ഓഫിസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹ നിർമാതാക്കൾക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് ഉത്തരവിൽ പറയുന്നു. ചിത്രം പ്രദർശിപ്പിച്ച ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും വാട്ട്സ്ആപ്പും മെറ്റയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ചിത്രത്തിലെ ഒരു രംഗത്തിൽ ഫോൺ നമ്പർ പ്രദർശിപ്പിച്ചതിനെ തുടർന്ന് നമ്പറിന്റെ ഉടമയായ കണ്ണൂർ സ്വദേശിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇതോടെയാണ് ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി കോടതിയെ സമീപിച്ചത്. ഫോൺ നമ്പർ ഉപയോഗിച്ചതിലൂടെ തന്റെ സ്വകാര്യ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും യഥാർഥ നമ്പറിന് പകരം ഡമ്മി നമ്പർ ഉപയോഗിക്കേണ്ടതായിരുന്നു എന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു.

ഫോൺ നമ്പർ ഉപയോഗിക്കാൻ തന്റെ അനുമതി തേടിയിട്ടില്ലെന്നും ഇത് ഐടി നിയമ പ്രകാരം കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിനിമയുടെ അണിയറ പ്രവർത്തകരുടെ അശ്രദ്ധ മൂലം തന്റെ വ്യക്തി ജീവിതത്തിനും തൊഴിൽ രംഗത്തിനും ബുദ്ധിമുട്ടുകൾ നേരിട്ടതായി പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363425/a-phone-number-shown-in-kunchacko-bobans-film-caused-a-kannur-native-to-lose-sleep-and-a-case-was-filed-against-the-producers)