---
title: "തലശേരിയിൽ ഡോക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക് ; പിന്നാലെ സ്കൂട്ടറിലെത്തിയ നഴ്സിനും പരിക്ക്"
english_title: "In Thalassery, the car in which the doctor was travelling lost control and hit an autorickshaw, injuring the driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363188/in-thalassery-the-car-in-which-the-doctor-was-travelling-lost-control-and-hit-an-autorickshaw-injuring-the-driver"
published_at: "2026-06-01T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d623a8cc22_Untitled-3_copy.jpg"
keywords: ["Accident", "Car", "Doctor", "Travelling", "Controll", "Autorickshaw", "Injury", "Driver"]
---

# തലശേരിയിൽ ഡോക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക് ; പിന്നാലെ സ്കൂട്ടറിലെത്തിയ നഴ്സിനും പരിക്ക്

> **Lead Summary:** തലശേരി കുയ്യാലിയിൽ ഉച്ചക്ക് 1.45 ഓടെയായിരുന്നു അപകടങ്ങൾ. വടകരയിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. ഫഹദ് സഞ്ചരിച്ച KL 18 L 4204 കാറാണ് അപകടമുണ്ടാക്കിയത്.

## Article Content

തലശേരി കുയ്യാലിയിൽ ഉച്ചക്ക് 1.45 ഓടെയായിരുന്നു അപകടങ്ങൾ. വടകരയിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. ഫഹദ് സഞ്ചരിച്ച KL 18 L 4204 കാറാണ് അപകടമുണ്ടാക്കിയത്.

കുയ്യാലി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് തലശേരിയിലേക്ക് വരികയായിരുന്ന KL 58 AM 9221 ഓട്ടോയിലിടിക്കുകയായിരുന്നു. കാറിന്റെ വരവ് കണ്ട് ഡ്രൈവർ ഓട്ടോറിക്ഷ കഴിയുന്നത്ര വെട്ടിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ തലശേരി ജനറലാശുപത്രിയിലെ സ്റ്റാഫ് നഴ്സായ തിരുവനന്തപുരം സ്വദേശിനി രാഗിക്കും പരിക്കേറ്റു.

KL 20 L 2497 സ്കൂട്ടറിൽ ജനറലാശുപത്രിയിലേക്ക് വരികയായിരുന്നു രാഗി. അപകടത്തിൽ പെട്ട ഓട്ടോയുടെ പിന്നിൽ സ്കൂട്ടറിടിച്ചാണ് രാഗിക്ക് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രാഗി ഗവ: ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് സ്റ്റിയറിംഗ് ജാമായ കാർ റോഡിൽ തന്നെ കുടുങ്ങിയത് ഗതാഗത കുരുക്കിനിയാക്കി.

ട്രാഫിക് എസ്.ഐ എം.ആർ സൂരജിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ക്രെയിൻ ഉപയോഗിച്ച് കാർ നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363188/in-thalassery-the-car-in-which-the-doctor-was-travelling-lost-control-and-hit-an-autorickshaw-injuring-the-driver)