---
title: "പൊന്നുമോൻ അർഷിദിന്റെ കൊലപാതകം ;  പ്രതി അഷ്‌കറിന്റെ വാഹനം തകർത്തു,ജനരോഷം ശക്തം."
english_title: " Arshid's murder; Accused Ashkar's vehicle vandalized, public anger strong."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363048/arshids-murder-accused-ashkars-vehicle-vandalized-public-anger-strong"
published_at: "2026-06-01T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ceabe3d9e4_Untitled-1_copy.jpg"
keywords: ["Arshid Murder", "Accused", "Ashkar", "Puplic"]
---

# പൊന്നുമോൻ അർഷിദിന്റെ കൊലപാതകം ;  പ്രതി അഷ്‌കറിന്റെ വാഹനം തകർത്തു,ജനരോഷം ശക്തം.

> **Lead Summary:** തിരുവനന്തപുരം നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഷ്‌കറിന്റെ ടാക്സി വാഹനം അജ്ഞാതർ തകർത്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. കേസിനെ ചൊല്ലിയുള്ള ശക്തമായ ജനരോഷത്തിനിടെയാണ് ആക്രമണം നടന്നത്.

## Article Content

തിരുവനന്തപുരം നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഷ്‌കറിന്റെ ടാക്സി വാഹനം അജ്ഞാതർ തകർത്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. കേസിനെ ചൊല്ലിയുള്ള ശക്തമായ ജനരോഷത്തിനിടെയാണ് ആക്രമണം നടന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയതായി അഷ്‌കർ പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഭക്ഷണം നൽകുന്നതിനിടെ കുഞ്ഞ് തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചതായും അതോടെ കുഞ്ഞിന് ബോധം നഷ്ടമായെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണ വിവരങ്ങളും പുറത്തുവന്നതോടെ ഇത് ഒറ്റത്തവണ നടന്ന ആക്രമണമല്ലെന്നും ദീർഘകാലമായി കുഞ്ഞ് ക്രൂര പീഡനത്തിനിരയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.

പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകളും പരിക്കുകളും കണ്ടെത്തി. കൈകൾക്ക് ഒടിവ്, ജനനേന്ദ്രിയത്തിലെ മുറിവുകൾ, കൈകാലുകളിലും മുതുകിലുമുള്ള പൊള്ളലേറ്റ പാടുകൾ, തലയ്ക്ക് പിന്നിലെ ഗുരുതര ക്ഷതം എന്നിവയും റിപ്പോർട്ടിലുണ്ട്. ആന്തരിക അവയവങ്ങൾക്ക് ഉണ്ടായ പരിക്കുകളും തുടർച്ചയായ മർദനത്തിന്റെ ഫലമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

കേസിൽ കുഞ്ഞിന്റെ അമ്മ അഖിലയ്ക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ അഷ്‌കർ കുഞ്ഞിനെ മർദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചതായാണ് വിവരം. സംഭവസമയത്ത് അഖില തമിഴ്നാട്ടിൽ ഒരു നൃത്തപരിപാടിക്കായി പോയിരിക്കുകയായിരുന്നു.

അർഷിദിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുടുംബത്തിനുള്ളിൽ നേരത്തേ ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുഞ്ഞിനെ സ്ഥിരമായി മർദിക്കുന്നുവെന്ന പരാതിയെ തുടർന്ന് രണ്ടാഴ്ച മുൻപ് അഖിലയുടെ പിതാവ് പോലീസിനെ സമീപിച്ചിരുന്നു. കുഞ്ഞിനെ കുടുംബത്തിന് വിട്ടുനൽകണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അത് നടപ്പാകുന്നതിന് മുൻപാണ് ദാരുണ സംഭവം ഉണ്ടായത്.

അർഷിദിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. തെളിവെടുപ്പിനായി അഷ്‌കറിനെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും കുഞ്ഞിനെതിരായ പീഡനത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363048/arshids-murder-accused-ashkars-vehicle-vandalized-public-anger-strong)