---
title: "ഇഡി റെയ്ഡ് ; പിണറായി വിജയന്റെ  വീടിനു മുന്നിൽ സി പി എമ്മിന്റെ വൻ  പ്രതിഷേധം"
english_title: "ED raid; CPM holds massive protest in front of Pinarayi Vijayan's house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362065/ed-raid-cpm-holds-massive-protest-in-front-of-pinarayi-vijayans-house"
published_at: "2026-05-27T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1685b4f2002_Untitled-5_copy.jpg"
keywords: ["ED Raid", "CPM", "Protest", "Pinarayi Vijayan"]
---

# ഇഡി റെയ്ഡ് ; പിണറായി വിജയന്റെ  വീടിനു മുന്നിൽ സി പി എമ്മിന്റെ വൻ  പ്രതിഷേധം

> **Lead Summary:** മാസപ്പടിക്കേസിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ മുഴുവൻ സാമ്പത്തിക വിവരങ്ങൾ തേടി ഇഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധം വ്യാപകം. പിണറായി വിജയന്റെ പാണ്ട്യാല മുക്കിലെ വസതിക്കു മുന്നിൽ സി പി എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തിൽ സി പി എം പ്രവർത്തകർ സംഘടിച്ചെത്തി മുദ്രാവാക്യം വിളികൾ ഉയർത്തുകയാണ്. ഉദ്യോ​ഗസ്ഥരിൽ നിന്നടക്കം വിവരങ്ങൾ തേടും. ശ്രീകാര്യത്ത് വീണ വിജയന്റെ കമ്പനിയിലെ മുൻ ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ ഇഡി പരിശോധന നടക്കുന്നുണ്ട്.

## Article Content

മാസപ്പടിക്കേസിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ മുഴുവൻ സാമ്പത്തിക വിവരങ്ങൾ തേടി ഇഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധം വ്യാപകം. പിണറായി വിജയന്റെ പാണ്ട്യാല മുക്കിലെ വസതിക്കു മുന്നിൽ സി പി എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തിൽ സി പി എം പ്രവർത്തകർ സംഘടിച്ചെത്തി മുദ്രാവാക്യം വിളികൾ ഉയർത്തുകയാണ്. ഉദ്യോ​ഗസ്ഥരിൽ നിന്നടക്കം വിവരങ്ങൾ തേടും. ശ്രീകാര്യത്ത് വീണ വിജയന്റെ കമ്പനിയിലെ മുൻ ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ ഇഡി പരിശോധന നടക്കുന്നുണ്ട്.

വീണ വിജയനെ ഇഡ‍ി ചോദ്യം ചെയ്ത് വരികയാണ്. 10 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വാടകവീട്ടിലും, പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലും പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്..

ബെംഗളൂരുവിൽ എക്സാലോജ് പ്രവർത്തിച്ചിരുന്ന ഓഫീസിലും കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നത്. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് വീണയ്ക്ക് പണം നൽകിയതെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തൽ.

വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയുമാണ് കരാർ പ്രകാരം നൽകിയത്. 2016 ഡിസംബറിലാണ് മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ്‍വെയർ സേവനങ്ങൾ നൽകാമെന്ന് ചൂണ്ടിക്കാട്ടി കരാർ വഴി പണം ലഭിച്ചത്. സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണ ടിയ്ക്കും കമ്പനിയായ എക്സാലോജിക്കിനും 1.72 കോടി ലഭിച്ചെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡ‍ി അന്വേഷണം ആരംഭിച്ചിരുന്നത്. കമ്പനിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയക്കാർക്കും മറ്റ് ഉന്നതർക്കും പണം കൈമാറിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362065/ed-raid-cpm-holds-massive-protest-in-front-of-pinarayi-vijayans-house)