---
title: "സമയോചിതമിടപെട്ട് നാദാപുരം സ്വദേശി ; പാനൂരിൽ വീടിന്റെ ഓട് മാറ്റുന്നതിനിടെ മുകളിൽ നിന്ന് വീണ സ്ത്രീക്ക്  രക്ഷകനായി സഹ തൊഴിലാളി"
english_title: "A Nadapuram native intervened in a timely manner; a fellow worker saved a woman who fell from above while removing the roof of her house in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361481/a-nadapuram-native-intervened-in-a-timely-manner-a-fellow-worker-saved-a-woman-who-fell-from-above-while-removing-the-roof-of-her-house-in-panur"
published_at: "2026-05-24T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1311334cdcf_6a13042409969_nadapuram.jpg"
keywords: ["Nadapuram", "worker", "Panoor"]
---

# സമയോചിതമിടപെട്ട് നാദാപുരം സ്വദേശി ; പാനൂരിൽ വീടിന്റെ ഓട് മാറ്റുന്നതിനിടെ മുകളിൽ നിന്ന് വീണ സ്ത്രീക്ക്  രക്ഷകനായി സഹ തൊഴിലാളി

> **Lead Summary:** പാനൂർ: പാനൂർ തൂവക്കുന്നിൽ ഇരുനില വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വീണ നിർമാണത്തൊഴിലാളിയെ രക്ഷപ്പെടുത്തി ഒപ്പം ജോലിചെയ്തിരുന്ന അയൽവാസി.

## Article Content

പാനൂർ: പാനൂർ തൂവക്കുന്നിൽ ഇരുനില വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വീണ നിർമാണത്തൊഴിലാളിയെ രക്ഷപ്പെടുത്തി ഒപ്പം ജോലിചെയ്തിരുന്ന അയൽവാസി.

വീടിന്റെ മേൽക്കൂരയിൽ നിന്ന് ഓട് മാറ്റുന്നതിനിടയിൽ കാൽ തെറ്റി താഴേക്ക് വീണ ചന്ദ്രിക്ക് രക്ഷയായത് താഴെ വാഹനത്തിൽ നിന്നും കപ്പിയും കയറും ഉപയോഗിച്ച് ഓട് ഇറക്കുകയായിരുന്ന രഞ്ജിഷിന്റെ സമയോചിതമായ ഇടപെടലായിരുന്നു.

ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയായിരുന്നിട്ടും രഞ്ജിഷിന്റെ സമയബന്ധിതമായ ഇടപെടൽ കാരണം ചന്ദ്രി ഗുരുതരമായ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.

ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് തന്റെ കൈകൾ കൊണ്ട് ചന്ദ്രിയെ താങ്ങിപ്പിടിച്ചു. രഞ്ജിഷ് പിടിച്ചില്ലായിരുന്നെങ്കിൽ താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഫ്‌ളോറിലോ ഗ്രില്ലിലോ ഇടിച്ച് ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നു.

രഞ്ജിഷിന്റെ ഇടപെടൽ മൂലം വീഴ്ചയുടെ ആഘാതം പരമാവധി കുറയ്ക്കാനായി. താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും, രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരുക്കുകൾ ഉണ്ടായില്ല.

ചന്ദ്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് വിവരം. രക്ഷകനായി എത്തിയ രഞ്ജിഷും അപകടത്തിൽപ്പെട്ട ചന്ദ്രിയും കോഴിക്കോട് ജില്ലയിലെ നാദാപുരം വളയം സ്വദേശികളാണ്. ഇവർ രണ്ടുപേരും ഒരുമിച്ചാണ് പാനൂരിലെ വീട്ടിൽ‌ ജോലിയ്ക്കെത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361481/a-nadapuram-native-intervened-in-a-timely-manner-a-fellow-worker-saved-a-woman-who-fell-from-above-while-removing-the-roof-of-her-house-in-panur)