---
title: " ഒരു ദുരന്തത്തിന് കാതോർക്കുകയാണൊ..? ; മൂഴിക്കര, ലിമിറ്റ്, കോപ്പാലം  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അത്യന്തം അപകടാവസ്ഥയിൽ"
english_title: "Moozhikkara, Limit and Kopalam bus waiting areas in a very dangerous condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361271/moozhikkara-limit-and-kopalam-bus-waiting-areas-in-a-very-dangerous-condition"
published_at: "2026-05-23T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1189529cbf7_Untitled-5_copy.jpg"
keywords: ["Thalassery Muncipality", "Moozhikkara", "Kopalam", "Bus", "Dangerous"]
---

#  ഒരു ദുരന്തത്തിന് കാതോർക്കുകയാണൊ..? ; മൂഴിക്കര, ലിമിറ്റ്, കോപ്പാലം  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അത്യന്തം അപകടാവസ്ഥയിൽ

> **Lead Summary:** തലശേരി – കോപ്പാലം റൂട്ടിലെ മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അപകടാവസ്ഥയിലായതോടെ യാത്രക്കാരുടെ ആശങ്ക വർധിക്കുന്നു. മൂഴിക്കര,ലിമിറ്റ്, കോപ്പാലം ബസ് സ്റ്റോപ്പുകളിലെ കാത്തിരിപ്പു കേന്ദ്രങ്ങളാണ് ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിൽ തുടരുന്നത്. കാലവർഷം ശക്തമാകുന്നതും സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതും കണക്കിലെടുത്ത്, ദുരന്തമുണ്ടാകുന്നതിന് മുൻപേ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

## Article Content

തലശേരി – കോപ്പാലം റൂട്ടിലെ മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അപകടാവസ്ഥയിലായതോടെ യാത്രക്കാരുടെ ആശങ്ക വർധിക്കുന്നു. മൂഴിക്കര,ലിമിറ്റ്, കോപ്പാലം ബസ് സ്റ്റോപ്പുകളിലെ കാത്തിരിപ്പു കേന്ദ്രങ്ങളാണ് ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിൽ തുടരുന്നത്. കാലവർഷം ശക്തമാകുന്നതും സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതും കണക്കിലെടുത്ത്, ദുരന്തമുണ്ടാകുന്നതിന് മുൻപേ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

കുട്ടിമാക്കൂൽ കഴിഞ്ഞുള്ള ലിമിറ്റ് ബസ് സ്റ്റോപ്പിലെ കാത്തിരിപ്പു കേന്ദ്രത്തിന്റെ അവസ്ഥയാണ് ഏറെ ഭീതിയുണർത്തുന്നത്. മാസങ്ങൾക്ക് മുമ്പ് വാഹനമിടിച്ച് ഷെൽട്ടറിന്റെ പ്രധാന തൂൺ തകർന്നിട്ടും ഇതുവരെ അറ്റകുറ്റപ്പണിയോ പൊളിച്ചുനീക്കലോ നടന്നിട്ടില്ല. ദിവസേന വിദ്യാർത്ഥികളടക്കമുള്ള നിരവധി യാത്രക്കാർ ഇവിടെ ബസ് കാത്തുനിൽക്കുന്നത് വലിയ അപകട സാധ്യത ഉയർത്തുന്നുണ്ട്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികളുടെ എണ്ണം ഇനിയും കൂടും. മഴയും കാറ്റും ശക്തമായാൽ ബസ്റ്റോപ്പ് ഇടിഞ്ഞുവീഴുമോയെന്ന ഭയത്തിലാണ് നാട്ടുകാർ.

ഇതിന് സമീപമുള്ള മൂഴിക്കര ബസ് കാത്തിരിപ്പ് കേന്ദ്രവും സമാനമായ അവസ്ഥയിലാണ്. തൂണുകളുടെ കോൺക്രീറ്റ് ഭാഗങ്ങൾ പൂർണമായും ദ്രവിച്ച് ഇരുമ്പ് കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. ബീമുകൾക്കും വിള്ളലേറ്റിട്ടുണ്ട്. വർഷങ്ങളുടെ പഴക്കമുള്ള ഷെൽട്ടറിന്റെ മേൽക്കൂരയുടെ ഭാരം ദ്രവിച്ച തൂണുകൾ എത്രനാൾ കൂടി താങ്ങിനിൽക്കും എന്ന ആശങ്കയിലാണ് യാത്രക്കാർ. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുകയും, നനവ് വർധിക്കുകയും ചെയ്യുന്നതോടെ അപകട സാധ്യത ഇരട്ടിയാകുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്.

കോപ്പാലം ബസ് സ്റ്റോപ്പിലെ കാത്തിരിപ്പു കേന്ദ്രവും സുരക്ഷിതമല്ലെന്ന പരാതിയാണ് ഉയരുന്നത്. മേൽക്കൂരയുടെ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും, ഇരുമ്പ് ഘടനകൾ ജീർണ്ണിച്ചിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിൽ ഈ മൂന്ന് കാത്തിരിപ്പു കേന്ദ്രങ്ങളും അടിയന്തിരമായി പരിശോധന നടത്തി പൊളിച്ചുനീക്കുകയോ പുതുക്കി പണിയുകയോ വേണമെന്നാണ് ആവശ്യം.

പ്രത്യേകിച്ച് സ്കൂൾ തുറക്കാനിരിക്കെ വിദ്യാർത്ഥികളാണ് കൂടുതൽ അപകട ഭീഷണി നേരിടുന്നത്. രാവിലെയും വൈകിട്ടും നൂറുകണക്കിന് വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന ഇടങ്ങളായതിനാൽ ചെറിയൊരു അപകടം പോലും വൻ ദുരന്തത്തിലേക്ക് വഴിമാറാമെന്നാണ് നാട്ടുകാരുടെ ആശങ്ക. പൊതുമരാമത്ത് വകുപ്പ്, നഗരസഭ, ബന്ധപ്പെട്ട അധികാരികൾ എന്നിവർ വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും യാത്രക്കാരും രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361271/moozhikkara-limit-and-kopalam-bus-waiting-areas-in-a-very-dangerous-condition)