---
title: "പന്ന്യന്നൂരിന്റെ സ്നേഹ നിലാവ് ടി.കുഞ്ഞമ്മദ് മാസ്റ്റർ ഇനി ഓർമ്മ ; അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനക്കൂട്ടം"
english_title: "Pannyannur's Sneha Nilavu ​​T. Kunjhammad Master is now remembered; Huge crowd gathers to pay last respects"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360453/pannyannurs-sneha-nilavu-t-kunjhammad-master-is-now-remembered-huge-crowd-gathers-to-pay-last-respects"
published_at: "2026-05-19T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c7d8555ad0_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂരിന്റെ സ്നേഹ നിലാവ് ടി.കുഞ്ഞമ്മദ് മാസ്റ്റർ ഇനി ഓർമ്മ ; അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനക്കൂട്ടം

> **Lead Summary:** പന്ന്യന്നൂർ: മുസ്ലിം ലീഗിന്റെ സജീവ നേതാവും, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റുമായിരുന്ന തിരൂമ്മൽ ടി കുഞ്ഞമ്മദ് മാസ്റ്റർ ഇനി ജനമനസുകളിൽ ജീവിക്കും. ദീർഘകാലം സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞമ്മദ് മാസ്റ്ററുടെ നിര്യാണം പന്ന്യന്നൂർ പ്രദേശത്തിന് വലിയ നഷ്ടമായി.

## Article Content

പന്ന്യന്നൂർ: മുസ്ലിം ലീഗിന്റെ സജീവ നേതാവും, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റുമായിരുന്ന തിരൂമ്മൽ ടി കുഞ്ഞമ്മദ് മാസ്റ്റർ ഇനി ജനമനസുകളിൽ ജീവിക്കും. ദീർഘകാലം സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞമ്മദ് മാസ്റ്ററുടെ നിര്യാണം പന്ന്യന്നൂർ പ്രദേശത്തിന് വലിയ നഷ്ടമായി.

പൂക്കോം മുസ്ലിം എൽ.പി സ്കൂളിലെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം വിദ്യാഭ്യാസ മേഖലയിലെ മികച്ച അധ്യാപകനായും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പ്രിയങ്കരനായ വ്യക്തിത്വമായും അറിയപ്പെട്ടിരുന്നു. അധ്യാപന രംഗത്ത് നിന്ന് വിരമിച്ച ശേഷവും സാമൂഹിക പ്രവർത്തനങ്ങളിലും മത-സാമുദായിക പ്രവർത്തനങ്ങളിലും സജീവമായി തുടർന്നു.

മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ഇ.ടി മുഹമ്മദ് ബഷീറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ച കുഞ്ഞമ്മദ് മാസ്റ്റർ മുസ്ലിം ലീഗിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയിരുന്നു.

മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ്,മുസ്ലിം ലീഗ് പെരിങ്ങളം മണ്ഡലം ജനറൽ സെക്രട്ടറി, കല്ലിക്കണ്ടി എൻ എ എം കോളേജ് കമ്മിറ്റി ജോയിൻ സെക്രട്ടറി, ഗവേണിംഗ് ബോഡി അംഗം, പാനൂർ ഇഖ്റഅ് ഖുർആൻ കോളേജ് ജോയിന്റ് സെക്രട്ടറി, റൈഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട്, പന്ന്യന്നൂർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. മഹല്ല് പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചു.

രാഷ്ട്രീയ രംഗത്തും പൊതുപ്രവർത്തന മേഖലയിലും സൗമ്യമായ ഇടപെടലും ജനങ്ങളോടുള്ള അടുപ്പവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. വിദ്യാഭ്യാസ പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മതകാര്യങ്ങളിൽ സജീവ സാന്നിധ്യം എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ടി കുഞ്ഞമ്മദ് മാസ്റ്റർ.

ഭാര്യ: നഫീസ.

മക്കൾ: നൗഷാദ് തിരൂമ്മൽ, നൗഫൽ, നസീം, നസീറ, നയീം.

മരുമക്കൾ: സഹീറ (പൂക്കോം), അഫ്‌നിദ (അഴിയൂർ), ഹനീഫ (പുല്ലൂക്കര), ഷഫ്‌ന (കീഴ്മാടം), ഫിദ (പന്ന്യന്നൂർ).

സഹോദരങ്ങൾ: പരേതരായ അബൂബക്കർ തിരൂമ്മൽ, മറിയോമ്മ തിരൂമ്മൽ.

ഖബറടക്കം ഇന്ന് പന്ന്യന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ മഹല്ല് പ്രസിഡണ്ട് എൻ. കുഞ്ഞിമൂസ അധ്യക്ഷനായി. പാനൂർ ബ്ലോക് പഞ്ചായത്തി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻകെ.കെ രാജീവൻ, പഞ്ചായത്തംഗം സോമൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ദിനേശൻ പച്ചോൾ, വി.എം ബാബു, ഇ എം ബഷീർ, മഹമൂദ്, മഹല്ല് സെക്രട്ടറി യൂസഫ് ഹാജി, മഹല്ല് ഖാളി ശ്ദുള്ളാ ബാഖവി എന്നിവർ സംസാരിച്ചു എ.മുസ്തഫ സ്വാഗതവും, കെ.ടി സമീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360453/pannyannurs-sneha-nilavu-t-kunjhammad-master-is-now-remembered-huge-crowd-gathers-to-pay-last-respects)