---
title: "പെരിങ്ങത്തൂരിൽ മിന്നൽ പരിശോധന ; നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി, രണ്ട് സ്ഥാപനങ്ങൾക്ക് പിഴ, തുടർ നടപടിക്ക് നിർദേശം"
english_title: "Lightning inspection in Peringathur; Banned single-use plastic products seized, fined two establishments, directed for further action"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360415/lightning-inspection-in-peringathur-banned-single-use-plastic-products-seized-fined-two-establishments-directed-for-further-action"
published_at: "2026-05-19T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c3fe9148e5_Untitled-1_copy.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ മിന്നൽ പരിശോധന ; നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി, രണ്ട് സ്ഥാപനങ്ങൾക്ക് പിഴ, തുടർ നടപടിക്ക് നിർദേശം

> **Lead Summary:** പെരിങ്ങത്തൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പാനൂർ നഗരസഭ പരിധിയിലെ പെരിങ്ങത്തൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി വലിയ തോതിൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.

## Article Content

പെരിങ്ങത്തൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പാനൂർ നഗരസഭ പരിധിയിലെ പെരിങ്ങത്തൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി വലിയ തോതിൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.

പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പരിശോധനകൾ തുടരുന്നതിനിടെയാണ് നടപടി.

പെരിങ്ങത്തൂർ ടൗണിലെ ലുലു ക്രോക്കറി, കീർത്തി ബേക്കറി എന്നീ സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ഇവിടെ നിന്നായി ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് കോട്ടിംഗ് ചെയ്ത പേപ്പർ വാഴയിലകൾ, ഗാർബേജ് ബാഗുകൾ, തെർമോകോൾ പ്ലേറ്റുകൾ എന്നിവ ഉൾപ്പെടെ 25 കിലോയിൽ അധികം നിരോധിത ഉൽപ്പന്നങ്ങളാണ് എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തത്.

സംസ്ഥാന സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധന ഉത്തരവുകൾ ലംഘിച്ച് ഉൽപ്പന്നങ്ങൾ സംഭരിക്കുകയും വിൽപ്പന നടത്തുകയും ചെയ്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയ്ക്ക് പിന്നാലെ രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി. തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പാനൂർ നഗരസഭാ സെക്രട്ടറിക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നിർദേശം നൽകി.

നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇരുചക്രവാഹനങ്ങളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും രഹസ്യമായി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കും കൈമാറാമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി 9446 700 800 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമായി വിവരങ്ങളും ചിത്രങ്ങളും അയയ്ക്കാം. വിവരം നൽകുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനം പാരിതോഷികമായി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ കെ.ആർ. അജയകുമാർ, പ്രവീൺ പി.എസ്., പി. വിജയൻ എന്നിവർക്ക് പുറമെ പാനൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജോയ് എം, വിസിയ എ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360415/lightning-inspection-in-peringathur-banned-single-use-plastic-products-seized-fined-two-establishments-directed-for-further-action)