---
title: "കണ്ണൂരിൽ ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ  വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ ; മരിച്ചത് പൊലീസുദ്യോഗസ്ഥൻ, നടുക്കത്തിൽ ബന്ധുക്കളും നാട്ടുകാരും"
english_title: "Groom found hanging at home in Kannur while wedding was to take place today; Police officer killed, relatives and locals in shock"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360141/groom-found-hanging-at-home-in-kannur-while-wedding-was-to-take-place-today-police-officer-killed-relatives-and-locals-in-shock"
published_at: "2026-05-18T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0abcbc8f739_6a0aba5a98a0f_suicide.jpg"
keywords: []
---

# കണ്ണൂരിൽ ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ  വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ ; മരിച്ചത് പൊലീസുദ്യോഗസ്ഥൻ, നടുക്കത്തിൽ ബന്ധുക്കളും നാട്ടുകാരും

> **Lead Summary:** വിവാഹം നടക്കാനിരുന്ന ഇന്ന് യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രദേശത്തെ നടുക്കി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലിലെ നാരായണീയത്തില്‍ ഷബിന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

## Article Content

വിവാഹം നടക്കാനിരുന്ന ഇന്ന് യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രദേശത്തെ നടുക്കി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലിലെ നാരായണീയത്തില്‍ ഷബിന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പൊലീസില്‍ ജോലി ചെയ്തു വരികയായിരുന്ന ഷബിന്‍ വിവാഹ ചടങ്ങുകള്‍ക്കായി ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെ വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെയായിരുന്നു വീട്ടിനുള്ളില്‍ ഷബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

വിവാഹ ഒരുക്കങ്ങളാല്‍ സജീവമായിരുന്ന വീട്ടില്‍ പെട്ടെന്നുണ്ടായ ഈ ദുരന്തം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്കായി കാത്തിരുന്ന കുടുംബം അപ്രതീക്ഷിത ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന അവസ്ഥയിലാണ്. പ്രദേശവാസികളും സുഹൃത്തുക്കളും വലിയ ഞെട്ടലോടെയാണ് വാര്‍ത്ത സ്വീകരിച്ചത്.

ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360141/groom-found-hanging-at-home-in-kannur-while-wedding-was-to-take-place-today-police-officer-killed-relatives-and-locals-in-shock)