---
title: "മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ് ജില്ലയിൽ ഒന്നാമത്, സംസ്ഥാനത്ത് മൂന്നാമത്"
english_title: "Mokeri Rajiv Gandhi HSS ranks first in the district and third in the state in the number of students who have secured A+ in all subjects"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359908/mokeri-rajiv-gandhi-hss-ranks-first-in-the-district-and-third-in-the-state-in-the-number-of-students-who-have-secured-a-in-all-subjects"
published_at: "2026-05-16T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08a200f18e6_Untitled-1_copy.jpg"
keywords: []
---

# മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ് ജില്ലയിൽ ഒന്നാമത്, സംസ്ഥാനത്ത് മൂന്നാമത്

> **Lead Summary:** സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ ഹരിതവിദ്യാലയ പുരസ്‌കാര ജേതാക്കളായ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ അക്കാദമിക രംഗത്തും തിളക്കമാർന്ന നേട്ടം കൈവരിച്ചു. 2026ലെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ മികവിന്റെ പുതിയ അധ്യായം രചിച്ച വിദ്യാലയം, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി ശ്രദ്ധേയമായി.

## Article Content

സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ ഹരിതവിദ്യാലയ പുരസ്‌കാര ജേതാക്കളായ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ അക്കാദമിക രംഗത്തും തിളക്കമാർന്ന നേട്ടം കൈവരിച്ചു. 2026ലെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ മികവിന്റെ പുതിയ അധ്യായം രചിച്ച വിദ്യാലയം, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി ശ്രദ്ധേയമായി.

986 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 985 പേരും വിജയിച്ച് തുടർപഠനത്തിന് അർഹത നേടി. ഇതിൽ 128 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച നേട്ടം കൈവരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും നാട്ടുകാർ അഭിനന്ദിച്ചു.

അക്കാദമിക മികവിനൊപ്പം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ശുചിത്വം, ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾ എന്നിവയിൽ കൈവരിച്ച നേട്ടത്തിനാണ് വിദ്യാലയത്തിന് സംസ്ഥാന സർക്കാറിന്റെ ഹരിതവിദ്യാലയ പുരസ്‌കാരം ലഭിച്ചത്. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളിൽ ഹരിതബോധം വളർത്തുന്നതിനുമായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ മികച്ച ശാസ്ത്ര വിദ്യാലയത്തിനുള്ള പുരസ്‌കാരവും ഈ വർഷം രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ സ്വന്തമാക്കി. ശാസ്ത്ര പഠനരംഗത്തെ പുതുമയാർന്ന പ്രവർത്തനങ്ങൾ, ശാസ്ത്ര ക്ലബ്ബുകളുടെ സജീവ ഇടപെടലുകൾ, വിദ്യാർത്ഥികളുടെ ഗവേഷണാത്മക സമീപനം എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ.

കൂടാതെ, എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയും വിദ്യാലയം മറ്റൊരു അഭിമാന നേട്ടം കൈവരിച്ചു. അക്കാദമിക മികവും സഹപാഠ്യ പ്രവർത്തനങ്ങളിലെ മുന്നേറ്റവും ഒരുമിച്ച് കൈവരിച്ച് ജില്ലയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയായി മാറുകയാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359908/mokeri-rajiv-gandhi-hss-ranks-first-in-the-district-and-third-in-the-state-in-the-number-of-students-who-have-secured-a-in-all-subjects)