---
title: "തലശേരിക്ക് പുറമെ നാദാപുരത്തും, കല്ലാച്ചിയിലും നഗരത്തിൽ വെള്ളക്കെട്ട് ; നിരവധി കടകളിൽ വെള്ളം കയറി"
english_title: "Apart from Thalassery, there is waterlogging in the city in Nadapuram and Kallachi; several shops have been flooded."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359590/apart-from-thalassery-there-is-waterlogging-in-the-city-in-nadapuram-and-kallachi-several-shops-have-been-flooded"
published_at: "2026-05-15T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06dd8aec196_6a06c5c120af9_16.jpg"
keywords: []
---

# തലശേരിക്ക് പുറമെ നാദാപുരത്തും, കല്ലാച്ചിയിലും നഗരത്തിൽ വെള്ളക്കെട്ട് ; നിരവധി കടകളിൽ വെള്ളം കയറി

> **Lead Summary:** കാലവർഷം കനത്തതോടെ നാദാപുരം, കല്ലാച്ചി ടൗണുകളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. ചെറിയ മഴയിൽ പോലും പ്രധാന ടൗണുകൾ വെള്ളത്തിനടിയിലാകുന്നതും കടകളിലേക്ക് വെള്ളം ഇരച്ചുകയറുന്നതും പതിവാകുകയാണ്.

## Article Content

കാലവർഷം കനത്തതോടെ നാദാപുരം, കല്ലാച്ചി ടൗണുകളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. ചെറിയ മഴയിൽ പോലും പ്രധാന ടൗണുകൾ വെള്ളത്തിനടിയിലാകുന്നതും കടകളിലേക്ക് വെള്ളം ഇരച്ചുകയറുന്നതും പതിവാകുകയാണ്.

വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വതമായ നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികൃതർ പുലർത്തുന്ന നിസ്സംഗത ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്.

നാദാപുരം ടൗണിൽ മാത്രം പത്തോളം കടകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കയറിയത്. കല്ലാച്ചിയിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം ദുഷ്കരമാക്കുംവിധം റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.

കുമ്മങ്കോട് പ്രധാന റോഡിലും സ്ഥിതി വ്യത്യസ്തമല്ല. ടൗണുകളിലെ ഓവുചാലുകൾ അടഞ്ഞുകിടക്കുന്നതും പഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

പലയിടങ്ങളിലും റോഡ് നവീകരണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതും വെള്ളമൊഴുക്കിന് തടസ്സമാകുന്നു. ദിവസേന കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിക്കുന്നത് വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവുടുന്നത്.

ഇനിയും അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359590/apart-from-thalassery-there-is-waterlogging-in-the-city-in-nadapuram-and-kallachi-several-shops-have-been-flooded)