---
title: "ശ്രീകണ്ഠാപുരം  വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ; അപകടം ഉച്ചക്ക് ഒരു മണിയോടെ, യാത്രക്കാർ ഇറങ്ങിയോടി"
english_title: "A private bus running in Srikantapuram Valakai caught fire and was completely destroyed; The accident occurred around 1 pm, the passengers got off and ran away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359586/a-private-bus-running-in-srikantapuram-valakai-caught-fire-and-was-completely-destroyed-the-accident-occurred-around-1-pm-the-passengers-got-off-and-ran-away"
published_at: "2026-05-15T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06da6d985df_Untitled-3_copy.jpg"
keywords: []
---

# ശ്രീകണ്ഠാപുരം  വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ; അപകടം ഉച്ചക്ക് ഒരു മണിയോടെ, യാത്രക്കാർ ഇറങ്ങിയോടി

> **Lead Summary:** ശ്രീകണ്ഠാപുരം - തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ‘തേലക്കാടൻസ്’ ബസിനാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. യാത്രക്കാരെ സമയോചിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

## Article Content

ശ്രീകണ്ഠാപുരം - തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ‘തേലക്കാടൻസ്’ ബസിനാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. യാത്രക്കാരെ സമയോചിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

വളക്കൈ പാലം ഭാഗത്ത് എത്തിയപ്പോഴാണ് ബസിന്റെ അടിഭാഗത്ത് നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. അപകടസാധ്യത മനസിലാക്കിയ ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ പുറത്തിറക്കാൻ നിർദേശം നൽകുകയായിരുന്നു. യാത്രക്കാരെല്ലാം വേഗത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയും ഏതാനും നിമിഷങ്ങൾക്കകം ബസിന്റെ മുൻഭാഗത്തുനിന്ന് മുഴുവൻ ഭാഗങ്ങളിലേക്കും തീ വ്യാപിക്കുകയുമായിരുന്നു.

സംഭവം കണ്ട നാട്ടുകാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടർന്ന് തളിപ്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. എന്നാൽ അതിനോടകം ബസ് പൂർണമായും കത്തി നശിച്ചിരുന്നു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയ ഡ്രൈവറുടെയും ജീവനക്കാരുടെയും സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. തീപിടിത്ത സമയത്ത് ബസിനുള്ളിൽ നിരവധി യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359586/a-private-bus-running-in-srikantapuram-valakai-caught-fire-and-was-completely-destroyed-the-accident-occurred-around-1-pm-the-passengers-got-off-and-ran-away)