---
title: "കനത്ത മഴയിൽ തലശേരി മണവാട്ടി ജംഗ്ഷനിൽ പത്തോളം കടകളിൽ വെള്ളം ഇരച്ചെത്തി ; റോഡ് പണിയിലെ അപാകതയെന്ന് വ്യാപാരികൾ, നഗരസഭക്കെതിരെ രൂക്ഷ വിമർശനം"
english_title: "Heavy rains inundate around ten shops at Thalassery Manavatty junction; traders blame road construction for defects, criticize municipality"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359429/heavy-rains-inundate-around-ten-shops-at-thalassery-manavatty-junction-traders-blame-road-construction-for-defects-criticize-municipality"
published_at: "2026-05-14T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05dd332cd43_1223.jpg"
keywords: []
---

# കനത്ത മഴയിൽ തലശേരി മണവാട്ടി ജംഗ്ഷനിൽ പത്തോളം കടകളിൽ വെള്ളം ഇരച്ചെത്തി ; റോഡ് പണിയിലെ അപാകതയെന്ന് വ്യാപാരികൾ, നഗരസഭക്കെതിരെ രൂക്ഷ വിമർശനം

> **Lead Summary:** കനത്ത മഴയിൽ തലശേരി നഗരത്തിലുടനീളം വെള്ളക്കെട്ട്. പുതിയ ബസ് സ്റ്റാന്റ്‌, മണവാട്ടി ജംഗ്ഷൻ, ജൂബിലി റോഡ്,റെയിൽവെ സ്റ്റേഷൻ പരിസരം, കുയ്യാലി പഴയ ബസ്റ്റാന്റ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലെല്ലാം വെളളക്കെട്ടുണ്ടായി.

## Article Content

കനത്ത മഴയിൽ തലശേരി നഗരത്തിലുടനീളം വെള്ളക്കെട്ട്. പുതിയ ബസ് സ്റ്റാന്റ്‌, മണവാട്ടി ജംഗ്ഷൻ, ജൂബിലി റോഡ്,റെയിൽവെ സ്റ്റേഷൻ പരിസരം, കുയ്യാലി പഴയ ബസ്റ്റാന്റ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലെല്ലാം വെളളക്കെട്ടുണ്ടായി.

പലയിടത്തും ഫുട്പാത്തും, റോഡും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. മണവാട്ടി ജംഗ്ഷനിൽ റോഡ് പ്രവൃത്തി ഇനിയും പൂർത്തിയാകാത്തതും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.

ഇവിടെ മുബഷിറിന്റെ ഫാ ബോട്ടിക്ക്, റാഹിലിന്റെ ഹായ് ലേഡി ഫാൻസി, റിയാസിന്റെ ഓപ്ഷൻ സ്, ഉവൈസിന്റെ ഹിന്ദുസ്ഥാൻ പെയിന്റ് ഷോപ്പ്, ഷാനു ഫുട്ട് കേർ, നാസർ നരിപ്പറ്റയുടെ സെൽവ മെഡിക്കൽസ്, റഫീഖിന്റെ പെയിന്റ് ഹൗസ് എന്നീ കടകളിലേക്കെല്ലാം വെള്ളം ഇരച്ചെത്തി. ഇവിടെ റോഡുയർത്തിയതും, ഓവ് ചാലുകൾ വൃത്തിയാക്കാത്തതും ദുരിതത്തിനാക്കം കൂട്ടിയതായി വ്യാപാരികൾ പറഞ്ഞു.

കാലവർഷം ജൂൺ ഒന്നിനെത്തും മുമ്പ് മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണി മുതലാരംഭിച്ച മഴ ഒന്നര മണിക്കൂറോളം തുടർന്നിരുന്നു.

തലശേരി ടാക്സി സ്റ്റാന്റിൽ വെള്ളക്കെട്ട് രൂപപെട്ടു. ഇതേ തുടർന്ന് ടാക്സികളെല്ലാം മാറ്റിയിട്ടു. ഈ കോമ്പൗണ്ടിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളെല്ലാം വെള്ളത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359429/heavy-rains-inundate-around-ten-shops-at-thalassery-manavatty-junction-traders-blame-road-construction-for-defects-criticize-municipality)