---
title: "വടശ്ശേരി ദാമോദരന്‍ സതീശന്‍ രാഷ്ട്രീയ വനവാസത്തിലേക്കല്ല, ജനനായകനിലേക്ക് ;  ഇനി വി.ഡി.എസ്. 'ശൈലിയുടെ' സന്ധിയില്ലാ കാലം"
english_title: "Vadassery Damodaran Satheesan is not going to political exile, but to become a leader of the people; Now is the time for no more peace with VDS 'style'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359410/vadassery-damodaran-satheesan-is-not-going-to-political-exile-but-to-become-a-leader-of-the-people-now-is-the-time-for-no-more-peace-with-vds-style"
published_at: "2026-05-14T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05b444e1b01_6a057404b98bb_vd_satheesan.jpg"
keywords: []
---

# വടശ്ശേരി ദാമോദരന്‍ സതീശന്‍ രാഷ്ട്രീയ വനവാസത്തിലേക്കല്ല, ജനനായകനിലേക്ക് ;  ഇനി വി.ഡി.എസ്. 'ശൈലിയുടെ' സന്ധിയില്ലാ കാലം

> **Lead Summary:** '100 സീറ്റില്‍ വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസം' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി. കേരളത്തില്‍ യുഡിഎഫ് 102 സീറ്റുകള്‍ നേടി ഭരണം തിരികെ പിടിച്ചപ്പോള്‍ 'പട നയിച്ചവന്‍, നാടിനെ നയിക്കട്ടേ' എന്ന ജന വികാരം ഉള്‍ക്കൊണ്ട് ഹൈക്കമാന്‍ഡ് പത്താം നാളില്‍ വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

## Article Content

'100 സീറ്റില്‍ വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസം' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി. കേരളത്തില്‍ യുഡിഎഫ് 102 സീറ്റുകള്‍ നേടി ഭരണം തിരികെ പിടിച്ചപ്പോള്‍ 'പട നയിച്ചവന്‍, നാടിനെ നയിക്കട്ടേ' എന്ന ജന വികാരം ഉള്‍ക്കൊണ്ട് ഹൈക്കമാന്‍ഡ് പത്താം നാളില്‍ വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

നൂറിലധികം സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും ഒരു ഡസനിലധികം മന്ത്രിമാര്‍ തോല്‍ക്കുമെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രവചിച്ച മറ്റൊരു നേതാവുമുണ്ടായിരുന്നില്ല. 2021ല്‍ പിണറായി വിജയന്റെ ഭരണത്തുടര്‍ച്ചയ്ക്ക് പിന്നാലെ പ്രതിസന്ധിയിലായ യുഡിഎഫിനെ കരുത്തോടെ നയിച്ച നേതാവിന്റെ ഗ്രൗണ്ട് മനസിലാക്കിയുള്ള പ്രവചനമായിരുന്നു അത്.

സാമുദായിക നേതാക്കളുടെ ഇഷ്ടക്കാരനാവാന്‍ ശ്രമിക്കാതെ സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന പ്രതിപക്ഷ നേതാവെന്ന ഖ്യാതിയും ഇക്കാലയളവില്‍ വി ഡി സതീശന് നേടാന്‍ സാധിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് 'പുതുയുഗ യാത്ര' എന്ന പരിപാടിയിലൂടെ കേരളത്തിലുടനീളം ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും പുതിയ കേരളത്തിനായുള്ള തന്റേതായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തു വി ഡി സതീശന്‍.

2021ല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട യുഡിഎഫിനെ നയിക്കുക എന്ന ഉത്തരവാദിത്തമായിരുന്നു വി ഡി സതീശനിലെത്തി ചേര്‍ന്നത്. അവിടെ നിന്നും അണികളെയും നേതാക്കളെയും 100 സീറ്റ് എന്ന സ്വപ്നം നല്‍കി സതീശന്‍ ചേര്‍ത്ത് നിര്‍ത്തി. നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനോട് ശക്തമായി പോരാടുന്ന നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിച്ചു. പല വിഷയങ്ങളിലും അതിരൂക്ഷമായ പിണറായി- സതീശന്‍ വാക്‌പോരിന് സഭ സാക്ഷിയായി.

കെ - റെയില്‍ വിരുദ്ധ സമരം, ലൈഫ് മിഷന്‍ അഴിമതി, എഐ ക്യാമറാ വിവാദം, കെ ഫോണ്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള തുടങ്ങി ഭരണപക്ഷം പ്രതിരോധത്തിലായ വിഷയങ്ങളെയും കൃത്യതയോടെ വി ഡി സതീശന്‍ രാഷ്ട്രീയ ആയുധമാക്കി. 2021നുശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവയിലെല്ലാം യുഡിഎഫിനെ മികച്ച വിജയത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഉപതെരഞ്ഞെടുപ്പ് കാലത്ത് പി വി അന്‍വറിനോട് സ്വീകരിച്ച നിലപാടിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ സ്വീകരിച്ച ഉറച്ച നിലപാടിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ അദ്ദേഹം കടുത്ത എതിര്‍പ്പുകള്‍ നേരിട്ടിരുന്നു.

കെ ദാമോദരമേനോന്റെയും വി വിലാസിനി അമ്മയുടെയും മകനായി 1964 മേയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് വി ഡി സതീശന്‍ ജനിക്കുന്നത്. ബിഎ, എല്‍എല്‍ബി, എം എസ് ഡബ്ല്യു എന്നീ ബിരുദങ്ങള്‍ നേടി.

തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം ഹൈക്കോടതിയില്‍ അഡ്വ. എം വി എസ് നമ്പൂതിരിക്കൊപ്പം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. എന്നാല്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോയില്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യണമെന്ന മോഹം ഉപേക്ഷിച്ച് സതീശന്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.

കെഎസ്‌യുവിലൂടെയാണ് വി ഡി സതീശന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായും എം ജി, കേരള സര്‍വകലാശാലകളില്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. 1986-87 കാലഘട്ടത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. എറണാകുളത്ത് നടന്ന എംജി സര്‍വകലാശാല യുവജനോത്സവം 'ഉത്സവ് 86' വിദ്യാര്‍ത്ഥി നേതാവായ വി ഡി സതീശന്റെ സംഘാടക മികവിന്റെ തെളിവായിരുന്നു. പിന്നീട് എന്‍എസ്‌യുഐ ദേശീയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1996ലാണ് വി ഡി സതീശന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. പറവൂര്‍ മണ്ഡലത്തില്‍ നിന്ന് തന്നെ കന്നി പോരാട്ടം ആരംഭിച്ചെങ്കിലും സിപിഐയുടെ പി രാജുവിനോട് 1116 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നാല്‍ മൂന്ന് തവണ അടുപ്പിച്ച് സിപിഐ ഭരിച്ച മണ്ഡലം 2001ലെ തെരഞ്ഞെടുപ്പില്‍ വി ഡി സതീശന്‍ തിരിച്ചുപിടിച്ചു. അങ്ങനെ നിയമസഭയിലേക്ക് കന്നിയംഗമായി വി ഡി സതീശന്‍ പറവൂരില്‍ നിന്നും വിജയിച്ച് കയറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359410/vadassery-damodaran-satheesan-is-not-going-to-political-exile-but-to-become-a-leader-of-the-people-now-is-the-time-for-no-more-peace-with-vds-style)