---
title: "മുഖ്യമന്ത്രിയാരെന്നറിയാനുള്ള ആകാംക്ഷയിൽ കേരളം ; കെ.സിയെ  വസതിയിലേക്ക് വിളിപ്പിച്ച്  രാഹുൽ ഗാന്ധി, വി.ഡി., ആർ.സി പക്ഷങ്ങൾക്ക് നെഞ്ചിടിപ്പ്"
english_title: "Kerala anxious to know who will be the Chief Minister; Rahul Gandhi, VD, RC factions call KC to their residence, heartbreaking"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359297/kerala-anxious-to-know-who-will-be-the-chief-minister-rahul-gandhi-vd-rc-factions-call-kc-to-their-residence-heartbreaking"
published_at: "2026-05-14T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a055a0922723_Untitled-1_copy.jpg"
keywords: []
---

# മുഖ്യമന്ത്രിയാരെന്നറിയാനുള്ള ആകാംക്ഷയിൽ കേരളം ; കെ.സിയെ  വസതിയിലേക്ക് വിളിപ്പിച്ച്  രാഹുൽ ഗാന്ധി, വി.ഡി., ആർ.സി പക്ഷങ്ങൾക്ക് നെഞ്ചിടിപ്പ്

> **Lead Summary:** മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. എന്തിനാണ് കൂടിക്കാഴ്ചയെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിശ്ചയിച്ചു എന്ന് അറിയിക്കാനാണോ അതോ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയ വിവരം കൈമാറാനാണോ എന്ന അഭ്യൂഹം പരക്കുന്നുണ്ട്.

## Article Content

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. എന്തിനാണ് കൂടിക്കാഴ്ചയെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിശ്ചയിച്ചു എന്ന് അറിയിക്കാനാണോ അതോ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയ വിവരം കൈമാറാനാണോ എന്ന അഭ്യൂഹം പരക്കുന്നുണ്ട്.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നലെ ധാരണയിലെത്തിയിരുന്നു. ചർച്ചകളെല്ലാം അവസാനിച്ചുവെന്നും ഇരുവരും ചേർന്ന് കൈക്കൊണ്ട തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ഇനനലെ മാധ്യമപ്രവർത്തകരെ അറിയിച്ചു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾക്കായി ഡൽഹിയിൽനിന്ന് ഇന്ന് രാവിലെ 10.30ന്റെ വിമാനത്തിൽ തിരുവനന്തപുരത്തെത്തും. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസം പൂർത്തിയാകുമ്പോഴാണ് കാലവിളംബത്താൽ ജനങ്ങളിലും അണികളിലും നീരസമുണ്ടാക്കിയ മുഖ്യമന്ത്രി പ്രഖ്യാപനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359297/kerala-anxious-to-know-who-will-be-the-chief-minister-rahul-gandhi-vd-rc-factions-call-kc-to-their-residence-heartbreaking)