---
title: "തീർപ്പ് ഇന്ന് തന്നെ ; കേരള മുഖ്യമന്ത്രി ചർച്ചയിൽ നിർണായക മണിക്കൂറുകൾ, രാഹുൽ-ഖാർഗെ കൂടിക്കാഴ്ചക്ക് ശേഷം വൈകീട്ട് പ്രഖ്യാപനം"
english_title: "Decision today; Crucial hours in Kerala CM talks, announcement in the evening after Rahul-Kharge meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359191/decision-today-crucial-hours-in-kerala-cm-talks-announcement-in-the-evening-after-rahul-kharge-meeting"
published_at: "2026-05-13T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04624d4ad38_1001234977.jpg"
keywords: []
---

# തീർപ്പ് ഇന്ന് തന്നെ ; കേരള മുഖ്യമന്ത്രി ചർച്ചയിൽ നിർണായക മണിക്കൂറുകൾ, രാഹുൽ-ഖാർഗെ കൂടിക്കാഴ്ചക്ക് ശേഷം വൈകീട്ട് പ്രഖ്യാപനം

> **Lead Summary:** കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമുണ്ടാകുമെന്ന ശക്തമായ സൂചനകൾക്കിടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഗെർഗെയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ കേന്ദ്രങ്ങൾ കാത്തിരിക്കുകയാണ്.

## Article Content

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമുണ്ടാകുമെന്ന ശക്തമായ സൂചനകൾക്കിടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഗെർഗെയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ കേന്ദ്രങ്ങൾ കാത്തിരിക്കുകയാണ്.

വൈകിട്ട് 5.30ന് നടക്കാനിരിക്കുന്ന ഈ ചർച്ചയ്ക്ക് ശേഷമാകും ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്ന വിവരമാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാത്തത് കോൺഗ്രസിനെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. കേരളത്തിനൊപ്പം ഫലം വന്ന മറ്റ് സംസ്ഥാനങ്ങളിൽ പുതിയ മന്ത്രിസഭകൾ അധികാരമേറ്റ് പ്രവർത്തനം ആരംഭിച്ചപ്പോഴും, കേരളത്തിൽ അധികാര കൈമാറ്റം വൈകുന്നത് രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെക്കുകയാണ്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി, വി.ഡി, ആർ.സി എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിൽ ഉള്ളത്. എം.എൽ.എമാരുടെ പിന്തുണ, ഗ്രൂപ്പ് സമവാക്യങ്ങൾ, മുന്നണി കക്ഷികളുടെ നിലപാട്, ഹൈക്കമാൻഡിന്റെ രാഷ്ട്രീയ കണക്ക് എന്നിവയെല്ലാം ചേർന്നാണ് തീരുമാനം വൈകുന്നതെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകുന്നത് മുന്നണിക്കുള്ളിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വേഗത്തിൽ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. മറുവശത്ത്, ഷിബു ബേബി ജോൺ അടക്കമുള്ള ഘടകകക്ഷി നേതാക്കളും പ്രഖ്യാപനം നീളുന്നതിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ രാഹുൽ ഗാന്ധി കേരളത്തിലെ മുതിർന്ന നേതാക്കളുമായും കെ.പി.സി.സി ഭാരവാഹികളുമായും പ്രത്യേക ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് മല്ലികാർജുൻ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയ ഗാന്ധിയുടെ അഭിപ്രായവും തേടിയ ശേഷമാകും അന്തിമ പ്രഖ്യാപനമെന്ന സൂചനയും കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നു.

പ്രഖ്യാപനം വൈകുന്നതോടെ പ്രവർത്തകരിലും പൊതുജനങ്ങളിലും ആശയക്കുഴപ്പം വർധിക്കുകയാണ്. പുതിയ മന്ത്രിസഭ രൂപീകരണം, വകുപ്പുവിഭജനം, ഭരണതല തീരുമാനങ്ങൾ എന്നിവയെല്ലാം മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടതിനാൽ രാഷ്ട്രീയ കേരളം മുഴുവൻ ഇന്ന് ഡൽഹിയിലേക്കാണ് കണ്ണൂന്നുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359191/decision-today-crucial-hours-in-kerala-cm-talks-announcement-in-the-evening-after-rahul-kharge-meeting)