---
title: "അനധികൃത ചെങ്കൽ ഖനനത്തിൽ വിറങ്ങലിച്ച് വള്ള്യായി നവോദയക്കുന്ന് ;  മിന്നൽ റെയ്ഡിൽ മൂന്ന് ലോറികൾ പിടികൂടി"
english_title: "Navodayakunnu caught in illegal red stone mining; Three lorries seized in lightning raid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359034/navodayakunnu-caught-in-illegal-red-stone-mining-three-lorries-seized-in-lightning-raid"
published_at: "2026-05-13T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03ed371d2f2_Untitled-1_copy.jpg"
keywords: []
---

# അനധികൃത ചെങ്കൽ ഖനനത്തിൽ വിറങ്ങലിച്ച് വള്ള്യായി നവോദയക്കുന്ന് ;  മിന്നൽ റെയ്ഡിൽ മൂന്ന് ലോറികൾ പിടികൂടി

> **Lead Summary:** നിർദിഷ്ഠ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത ഭൂമിയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വള്ള്യായി നവോദയക്കുന്നിൽ റവന്യൂ-പോലീസ് സംയുക്ത മിന്നൽ റെയ്ഡ് നടത്തി. റെയ്ഡിൽ ഖനന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് ലോറികൾ അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ കണ്ണവം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

## Article Content

നിർദിഷ്ഠ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത ഭൂമിയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വള്ള്യായി നവോദയക്കുന്നിൽ റവന്യൂ-പോലീസ് സംയുക്ത മിന്നൽ റെയ്ഡ് നടത്തി. റെയ്ഡിൽ ഖനന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് ലോറികൾ അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ കണ്ണവം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു റെയ്ഡ്. കണ്ണവം എസ്.ഐ മനോജ് കുമാർ, ചെറുവാഞ്ചേരി വില്ലേജ് ഓഫീസർ കെ.പി. ഉണ്ണികൃഷ്ണൻ, വില്ലേജ് അസിസ്റ്റന്റ് അജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥലത്ത് വ്യാപകമായി മണ്ണും ചെങ്കലും ഖനനം നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി.

വള്ള്യായി നവോദയക്കുന്നിലെ ഭൂമി നിർദിഷ്ട കിൻഫ്ര പാർക്കിനായി സർക്കാർ ഏറ്റെടുത്ത പ്രദേശമാണ്. ഈ മേഖലയിൽ അനധികൃത ഖനനം നടക്കുന്നതായി നാട്ടുകാർ നൽകിയ പരാതിയും, രഹസ്യ വിവരവും അടിസ്ഥാനമാക്കിയാണ് അധികൃതർ പരിശോധന നടത്തിയത്. റെയ്ഡ് നടക്കുന്നതിനിടെ സ്ഥലത്ത് നിന്ന് ചെങ്കൽ കയറ്റിയ മൂന്ന് ലോറികൾ പിടികൂടുകയായിരുന്നു.

പ്രദേശത്ത് ഖനനം പൂർണമായും നിരോധിച്ച് നേരത്തെ ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് ഖനന പ്രവർത്തനം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃത ഖനനം മൂലം പ്രദേശത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥക്കും ഭീഷണിയുണ്ടാകുന്നതായി നാട്ടുകാർ ആരോപിച്ചു.

പിടിച്ചെടുത്ത വാഹനങ്ങളുടെയും ഖനനത്തിന് പിന്നിലുള്ളവരുടെയും വിവരങ്ങൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ഖനനത്തിന് ഉപയോഗിച്ച യന്ത്രസാമഗ്രികൾ ഉൾപ്പെടെ കണ്ടെത്തുന്നതിനും ബന്ധപ്പെട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനുമായി റവന്യൂ-പോലീസ് വിഭാഗങ്ങൾ സംയുക്ത അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

നിർദിഷ്ട കിൻഫ്ര പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയിൽ ഇത്തരം അനധികൃത ഇടപെടലുകൾ ആവർത്തിക്കാതിരിക്കാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359034/navodayakunnu-caught-in-illegal-red-stone-mining-three-lorries-seized-in-lightning-raid)