---
title: "പാനൂരിനടുത്ത്  പഞ്ചായത്ത് ജീവനക്കാരിയുടെ സ്കൂട്ടറിൽ പാമ്പ് ; അപകടമൊഴിവായത് തലനാരിഴക്ക്"
english_title: "Snake on panchayat employee's scooter near Panur; The accident occurred head-on"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358802/snake-on-panchayat-employees-scooter-near-panur-the-accident-occurred-head-on"
published_at: "2026-05-11T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01f64b01544_Untitled-1_copy.jpg"
keywords: []
---

# പാനൂരിനടുത്ത്  പഞ്ചായത്ത് ജീവനക്കാരിയുടെ സ്കൂട്ടറിൽ പാമ്പ് ; അപകടമൊഴിവായത് തലനാരിഴക്ക്

> **Lead Summary:** പാനൂർ: പഞ്ചായത്ത് ജീവനക്കാരിയുടെ സ്കൂട്ടറിനുള്ളിൽ പാമ്പ് കയറിയ സംഭവം പ്രദേശത്ത് ആശങ്ക പരത്തി. പാനൂരിനടുത്ത് മൊകേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലാണ് ചേര പാമ്പിനെ കണ്ടെത്തിയത്. അപകടമൊഴിവായത് തലനാരിഴക്കാണെന്ന് നാട്ടുകാർ പറഞ്ഞു.

## Article Content

പാനൂർ: പഞ്ചായത്ത് ജീവനക്കാരിയുടെ സ്കൂട്ടറിനുള്ളിൽ പാമ്പ് കയറിയ സംഭവം പ്രദേശത്ത് ആശങ്ക പരത്തി. പാനൂരിനടുത്ത് മൊകേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലാണ് ചേര പാമ്പിനെ കണ്ടെത്തിയത്. അപകടമൊഴിവായത് തലനാരിഴക്കാണെന്ന് നാട്ടുകാർ പറഞ്ഞു.

മൊകേരി ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്ററായ ചന്ദ്രിയുടെ KL58 M 6401 നമ്പർ ആക്ടീവ സ്കൂട്ടറിലാണ് പാമ്പ് കയറിയത്. പതിവുപോലെ ഓഫീസ് ആവശ്യങ്ങൾക്കായി എത്തിയ ശേഷം സ്കൂട്ടർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് വാഹനം എടുക്കുന്നതിനിടെയാണ് സ്കൂട്ടറിന്റെ മുൻഭാഗത്ത് അസാധാരണമായ ചലനം ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഹെഡ് ലൈറ്റിനകത്തായി പാമ്പ് ചുരുണ്ടുകിടക്കുന്നതായി കണ്ടെത്തി. വിവരം അറിഞ്ഞതോടെ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. സ്കൂട്ടറിന്റെ വിവിധ ഭാഗങ്ങൾ അഴിച്ചുനോക്കിയും വെളിച്ചം കാട്ടിയും ഏറെ നേരം പരിശ്രമിച്ച ശേഷമാണ് പാമ്പിനെ പുറത്തെടുക്കാൻ കഴിഞ്ഞത്.

ചേര പാമ്പാണെന്ന് പിന്നീട് വ്യക്തമായി. വിഷമില്ലാത്ത പാമ്പായിരുന്നെങ്കിലും വാഹനമോടിക്കുന്നതിനിടെ പാമ്പ് പുറത്തേക്ക് വന്നിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കാമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിന്റെ എഞ്ചിൻ ഭാഗത്തെ ചൂട് കാരണം തന്നെയാകാം പാമ്പ് അകത്ത് കയറിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവം കണ്ടുനിന്നവർക്കിടയിൽ ആശങ്കയും കൗതുകവും ഒരുപോലെ ഉണ്ടാക്കി. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ വീടുകളിലും വാഹനങ്ങളിലുമൊക്കെ പാമ്പുകൾ കയറാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358802/snake-on-panchayat-employees-scooter-near-panur-the-accident-occurred-head-on)