---
title: "ഭീതിയൊഴിഞ്ഞു ; ധർമ്മടം,കതിരൂർ മേഖലകളിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ ഒടുവിൽ മയക്ക് വെടി വച്ച് വീഴ്ത്തി വയനാടിലെത്തിച്ചു"
english_title: "Fear is gone; The wild buffalo that had been causing terror in Dharmadam and Kathiroor areas was finally shot down and brought to Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358645/fear-is-gone-the-wild-buffalo-that-had-been-causing-terror-in-dharmadam-and-kathiroor-areas-was-finally-shot-down-and-brought-to-wayanad"
published_at: "2026-05-11T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0147a772676_Untitled-1_copy.jpg"
keywords: []
---

# ഭീതിയൊഴിഞ്ഞു ; ധർമ്മടം,കതിരൂർ മേഖലകളിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ ഒടുവിൽ മയക്ക് വെടി വച്ച് വീഴ്ത്തി വയനാടിലെത്തിച്ചു

> **Lead Summary:** കതിരൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പിണറായി, ധർമ്മടം, കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, നാട്ടുകാരെ മുൾമുനയിലാക്കി ഭീതി വിതച്ച് പരക്കം പാഞ്ഞ കാട്ടുപോത്തിനെ വനം വകുപ്പിന്റെ ഡോക്ടർമാരെത്തി വെടി വെച്ചു പിടികൂടി. ശനിയാഴ്ച വൈകിട്ട് എരഞ്ഞോളി കുണ്ടൂർ മല എഞ്ചിനിയറിംഗ് കോളേജിന്റെ പിന്നിലുള്ള കുന്നിൻ മുകളിൽ വച്ചാണ് കാട്ടുപോത്തിനെ വെറ്റിനറി ഡോക്ടർമാർ മയക്ക് വെടിവച്ചത്.

## Article Content

കതിരൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പിണറായി, ധർമ്മടം, കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, നാട്ടുകാരെ മുൾമുനയിലാക്കി ഭീതി വിതച്ച് പരക്കം പാഞ്ഞ കാട്ടുപോത്തിനെ വനം വകുപ്പിന്റെ ഡോക്ടർമാരെത്തി വെടി വെച്ചു പിടികൂടി. ശനിയാഴ്ച വൈകിട്ട് എരഞ്ഞോളി കുണ്ടൂർ മല എഞ്ചിനിയറിംഗ് കോളേജിന്റെ പിന്നിലുള്ള കുന്നിൻ മുകളിൽ വച്ചാണ് കാട്ടുപോത്തിനെ വെറ്റിനറി ഡോക്ടർമാർ മയക്ക് വെടിവച്ചത്.

വെടി കൊണ്ട പാടെ കാട്ടുപോത്ത് കുന്നിൻ മുകളിൽ നിന്നും താഴേക്ക് വിരണ്ടോടി. പിന്നീട് ഓടുന്നതിനിടയിൽ തളർന്നുവീണു. പിറകെ പോലീസും വനം വകുപ്പും നാട്ടുകാരും വെടിവച്ച ഡോക്ടർമാരും ഓടിയെത്തിയെങ്കിലും ബഹളം അടുത്തെത്തിയതോടെ വീണിടത്തു നിന്നും കാട്ടുപോത്ത് പിന്നെയും ഓടി. കുറച്ചു ദൂരം പിന്നീടുന്നതിനിടയിൽ വീണ്ടും തളർന്നുവീണു.

പിന്തുടർന്നെത്തിയ വെറ്റിനറി ഡോക്ടർമാർ വീണിടത്തു വച്ച്  പോത്തിന് മയക്ക്മരുന്ന് കുത്തിവച്ചു. ഇതോടെ കാട്ടുപോത്ത് പൂർണ്ണമായും കീഴടങ്ങി. മഴയിൽ രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മയങ്ങിവീണ കാട്ടുപോത്തിനെ കൂറ്റൻക്രെയിൻ എത്തിച്ച് ട്രക്കിലേക്ക് മാറ്റി വനം വകുപ്പ് വയനാട്ടിലേക്ക് കൊണ്ടുപോയി. ആരോഗ്യ പരിശോധനക്ക് ശേഷം കാട്ടുപോത്തിനെ വയനാട് കാട്ടിൽ വിട്ടു. ഇക്കഴിഞ്ഞ വ്യാഴം മുതലാണ് പാനുണ്ട, പൊട്ടൻ പാറ, എരുവട്ടി വയൽ, നാട്ടുകാർ പാലം, സോഡ മുക്ക്, വടക്കുമ്പാട്, കാവുംഭാഗം, കൊളശ്ശേരി പ്രദേശങ്ങളിൽ ഒറ്റയാൻ കാട്ടുപോത്ത് ഭീതി പരത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358645/fear-is-gone-the-wild-buffalo-that-had-been-causing-terror-in-dharmadam-and-kathiroor-areas-was-finally-shot-down-and-brought-to-wayanad)