---
title: "ഇനിയും പിടികൂടാനായില്ല ; ധർമ്മടം, പിണറായി, കതിരൂർ മേഖലകളിലെ ജനങ്ങളുടെ ഉറക്കം കെടുത്തി  കാട്ടുപോത്തിന്റെ   സഞ്ചാരം"
english_title: "Still unable to catch it; Wild buffalo movement disrupts sleep of people in Dharmadam, Pinarayi and Kathiroor areas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358454/still-unable-to-catch-it-wild-buffalo-movement-disrupts-sleep-of-people-in-dharmadam-pinarayi-and-kathiroor-areas"
published_at: "2026-05-09T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff65c9439c3_Untitled-1_copy.jpg"
keywords: []
---

# ഇനിയും പിടികൂടാനായില്ല ; ധർമ്മടം, പിണറായി, കതിരൂർ മേഖലകളിലെ ജനങ്ങളുടെ ഉറക്കം കെടുത്തി  കാട്ടുപോത്തിന്റെ   സഞ്ചാരം

> **Lead Summary:** പാനൂർ : വനമേഖല വിട്ടിറങ്ങിയ കൂറ്റൻ കാട്ടുപോത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. രാത്രി സമയങ്ങളിലാണ് പോത്തിനെ കൂടുതലായും കാണപ്പെടുന്നത്.

## Article Content

പാനൂർ : വനമേഖല വിട്ടിറങ്ങിയ കൂറ്റൻ കാട്ടുപോത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. രാത്രി സമയങ്ങളിലാണ് പോത്തിനെ കൂടുതലായും കാണപ്പെടുന്നത്.

തലശേരി - മാഹി ബൈപ്പാസിന്റെ സർവീസ് റോഡുകളിലടക്കം പോത്ത് സഞ്ചരിച്ചതിനെ തുടർന്ന് പൊലീസ് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊട്ടിയൂർ - കണ്ണവം വനമേഖലകളിൽ നിന്നെത്തിയ കാട്ടുപോത്ത് പിണറായി പഞ്ചായത്തിലെ പാനുണ്ട ഭാഗങ്ങളിലെത്തിയത്. ആദ്യം വനത്തോട് ചേർന്ന പ്രദേശങ്ങളിലായിരുന്ന സാന്നിധ്യം പിന്നീട് ജനവാസ മേഖലകളിലേക്കും വ്യാപിച്ചതോടെ ഭീതിയും വർധിച്ചു. തോട്ടുമ്മൽ പ്രദേശത്ത് പോത്തിനെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് രാത്രി വൈകിയും ധർമ്മടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

മേക്കിലേരി വയൽ പ്രദേശത്ത് പോത്തിനെ അവസാനമായി കണ്ട ശേഷമാണ് തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചത്. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ കൂളി ബസാർ ഭാഗത്ത് വീണ്ടും കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. റോഡരികിലൂടെ നടന്നുപോയ പോത്ത് വാഹനയാത്രക്കാരെയും ഭീതിയിലാഴ്ത്തി.

രാത്രി 10.30ഓടെ ബാലത്തിൽ നിന്നും കൊളശേരി റൂട്ടിലേക്കുള്ള സർവീസ് റോഡിലൂടെ പോത്ത് സഞ്ചരിച്ചതോടെ സ്ഥിതി അതീവ ഗുരുതരമായി. വാഹനങ്ങൾ നിയന്ത്രിച്ച പൊലീസ് നാട്ടുകാരുടെ സഹായത്തോടെ സർവീസ് റോഡുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പോത്ത് അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജനങ്ങളെ സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയതും.

പാനുണ്ടയ്ക്ക് പുറമെ പൊട്ടൻപാറ, വടക്കുമ്പാട്, കൊളശേരി, കുണ്ടൂർമല തുടങ്ങിയ പ്രദേശങ്ങളിലുമായി പോത്തിനെ കണ്ടതായി നാട്ടുകാർ പറയുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കാട്ടുപോത്ത് ജനവാസ മേഖലയിലൂടെ സഞ്ചരിക്കുന്നതിനാൽ രാത്രി സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. വന്യജീവിയെ പ്രകോപിപ്പിക്കുന്ന രീതിയിൽ സമീപിക്കുകയോ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

പ്രദേശത്ത് ഭീതിയുണർത്തുന്ന സാഹചര്യത്തിൽ ഫോറസ്റ്റ് വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ച് കാട്ടുപോത്തിനെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാത്രി പട്രോളിംഗും വിവിധ മേഖലകളിൽ ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358454/still-unable-to-catch-it-wild-buffalo-movement-disrupts-sleep-of-people-in-dharmadam-pinarayi-and-kathiroor-areas)