---
title: "കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ"
english_title: "The wire bridge in Kopalam is a symbol of unity and togetherness of the locals; Locals extend the life of the 15-year bridge to 46 years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358417/the-wire-bridge-in-kopalam-is-a-symbol-of-unity-and-togetherness-of-the-locals-locals-extend-the-life-of-the-15-year-bridge-to-46-years"
published_at: "2026-05-09T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff18d430401_Untitled-1_copy.jpg"
keywords: []
---

# കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ

> **Lead Summary:** പാനൂർ : 46 വർഷം പിന്നിട്ട് ഇന്നും ജനജീവിതത്തിന്റെ നാഡിയായി കോപ്പാലത്തെ കമ്പിപ്പാലം.കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തെയും മാഹിയുടെ ഭാഗമായ പന്തക്കലിനെയും ബന്ധിപ്പിക്കുന്ന പൊന്ന്യം പുഴയിലെ ചരിത്രപ്രസിദ്ധമായ കമ്പിപ്പാലം ഞായറാഴ്ച അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. രാവിലെ 6 മണി മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പാലത്തിലൂടെ യാത്ര നിരോധിച്ചതായി പാലം കമ്മിറ്റി അറിയിച്ചു.

## Article Content

പാനൂർ : 46 വർഷം പിന്നിട്ട് ഇന്നും ജനജീവിതത്തിന്റെ നാഡിയായി കോപ്പാലത്തെ കമ്പിപ്പാലം.കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തെയും മാഹിയുടെ ഭാഗമായ പന്തക്കലിനെയും ബന്ധിപ്പിക്കുന്ന പൊന്ന്യം പുഴയിലെ ചരിത്രപ്രസിദ്ധമായ കമ്പിപ്പാലം ഞായറാഴ്ച അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. രാവിലെ 6 മണി മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പാലത്തിലൂടെ യാത്ര നിരോധിച്ചതായി പാലം കമ്മിറ്റി അറിയിച്ചു.

പൊന്ന്യത്തെയും പന്തക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കമ്പിപ്പാലം 1980-ലാണ് നിർമ്മിച്ചത്. അന്നത്തെ സാഹചര്യത്തിൽ വെറും 15 വർഷം മാത്രമാണ് പാലത്തിന് കാലാവധി നിർദ്ദേശിച്ചിരുന്നത്. എന്നാൽ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് ഇന്ന് 46-ാം വയസ്സിലേക്കും ഈ പാലം നാട്ടുകാരുടെ ആശ്രയമായി തുടരുകയാണ്.

പാലത്തിന്റെ ആയുസ് നീട്ടിയത് നാട്ടുകാരുടെ കൂട്ടായ പരിശ്രമവും ആത്മാർത്ഥതയുമാണ്. വർഷാവർഷം അറ്റകുറ്റപ്പണികൾ നടത്തിയും പെയിന്റ് അടിച്ചും സംരക്ഷിച്ചാണ് നാട്ടുകാർ പാലം നിലനിർത്തുന്നത്. ഇതിനാവശ്യമായ പണം കണ്ടെത്തുന്നതും നാട്ടുകാരിൽ നിന്ന് പിരിവെടുത്താണ്. ഒരു സർക്കാർ സഹായവും കാത്തുനിൽക്കാതെ ജനകീയ ഇടപെടലിലൂടെ പാലം സംരക്ഷിക്കുന്ന അപൂർവ മാതൃക കൂടിയാണ് ഇത്.

ഓരോ വർഷവും കാലവർഷം തുടങ്ങും മുമ്പ്, മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് അറ്റകുറ്റപ്പണികൾക്കായി മാറ്റിവെക്കുന്നത്. അമ്പതിലധികം നാട്ടുകാർ ശ്രമദാനമായി എത്തി പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. പഴകിയ ഭാഗങ്ങൾ മാറ്റി സ്ഥാപിക്കൽ, കമ്പികൾ ബലപ്പെടുത്തൽ, പെയിന്റിംഗ് തുടങ്ങിയ ജോലികളാണ് പ്രധാനമായും നടത്തുക.

പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ദിവസേന ഈ കമ്പിപ്പാലം ആശ്രയിക്കുന്നത്. നോക്കിയാൽ കാണുന്ന ദൂരത്തിലേക്ക് ഏകദേശം മൂന്ന് കിലോമീറ്ററോളം വാഹനത്തിൽ ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥയാണ് യാത്രക്കാർക്കുള്ളത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ജീവിതത്തിൽ കമ്പിപ്പാലത്തിന് വലിയ പ്രാധാന്യമാണുള്ളത്.

പഴക്കമേറെയും അപകടഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലും ജനങ്ങളുടെ ദൈനംദിന യാത്രയ്ക്ക് ഇന്നും ആശ്രയമായിരിക്കുന്ന കമ്പിപ്പാലം, നാട്ടുകാരുടെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358417/the-wire-bridge-in-kopalam-is-a-symbol-of-unity-and-togetherness-of-the-locals-locals-extend-the-life-of-the-15-year-bridge-to-46-years)