---
title: "ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു"
english_title: "CPM in shock; Votes for KK Shailaja Teacher decrease in LDF's strong points"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357762/cpm-in-shock-votes-for-kk-shailaja-teacher-decrease-in-ldfs-strong-points"
published_at: "2026-05-06T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb506507e69_ghghh.jpg"
keywords: []
---

# ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു

> **Lead Summary:** നിയമസഭ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിലെ എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച മുന്നണിയിൽ കടുത്ത ആശങ്കക്ക് വഴിവയ്ക്കുന്നു. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായ പായം പഞ്ചായത്തിൽ വോട്ട് ചോർച്ച ശക്തമായിരുന്നു.

## Article Content

നിയമസഭ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിലെ എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച മുന്നണിയിൽ കടുത്ത ആശങ്കക്ക് വഴിവയ്ക്കുന്നു. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായ പായം പഞ്ചായത്തിൽ വോട്ട് ചോർച്ച ശക്തമായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സക്കീർ ഹു സൈന് പായം പഞ്ചായത്തിൽ 2700 ൽ പരം വോട്ടിൻ്റെ ലീഡ് ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ കെ.കെ. ശൈലജക്ക് പായത്ത് 1011 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. 1700 ഓളം വോട്ടുകൾ പായത്തിൽ എൽഡിഎഫിന് നഷ്‌ടപ്പെട്ടു. സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും വോട്ടുകൾ ചോർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സക്കീറിന് ഇവിടെയും 176 വോട്ടിൻ്റെ ഭൂരിപക്ഷം ഉണ്ടയിരുന്നു.

ഇത്തവണ ഇരിട്ടി നഗരസഭയിൽ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം 2154 വോട്ടുകളാണ്. എൽഡിഎഫിൻ്റെ ശക്തികേന്ദ്രമായ മുഴക്കുന്ന് പഞ്ചായത്തിലും ശക്തിക്ഷയിച്ച മുന്നണി ദയനീയ പ്രകടനമാണ് നടത്തിയിരിക്കുന്നത്. 1500നും 2000 ത്തിനും ഇടയിൽ ഭൂരിപക്ഷം ലഭിക്കേണ്ട പഞ്ചായത്തിൽ 660 വോട്ട് മാത്രമാണ് ലീഡ് ലഭിച്ചിരിക്കുന്നത്.

യുഡിഎഫിന് യാതൊരു സ്വാധീനവും ഇല്ലാത്ത മുടക്കോഴി ബൂത്തിൽ 870 വോട്ട് എൽഡിഎഫ് ലഭിച്ചപ്പോൾ 87 വോട്ട് യുഡിഎഫിന് ലഭിച്ചു. കഴിഞ്ഞ തവണ 1000 വോട്ട് ലീഡുള്ള പേരാവൂർ പഞ്ചായത്തിൽ എൽഡിഎഫിലെ ശൈലജക്ക് നേടാനായത് 51 വോട്ടിന്റെ ലീഡ് മാത്രമാണ്. അയ്യായിരത്തോളം വോട്ടുകളാണ് പേരാവൂരിൽ എൽഡിഎഫിന് നഷ്ടമായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357762/cpm-in-shock-votes-for-kk-shailaja-teacher-decrease-in-ldfs-strong-points)