---
title: "തമിഴ്നാട്ടിൽ വിജയ് തോൽക്കുമെന്ന് പ്രചാരണം; പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആരാധകൻ"
english_title: "Fan attempts suicide by slitting throat after campaign predicts Vijay's defeat in Tamil Nadu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/357135/fan-attempts-suicide-by-slitting-throat-after-campaign-predicts-vijays-defeat-in-tamil-nadu"
published_at: "2026-05-04T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f80dad67a9c_Untitled-3_copy.jpg"
keywords: []
---

# തമിഴ്നാട്ടിൽ വിജയ് തോൽക്കുമെന്ന് പ്രചാരണം; പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആരാധകൻ

> **Lead Summary:** തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയ് പരാജയപ്പെടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ആരാധകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

## Article Content

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയ് പരാജയപ്പെടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ആരാധകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൃഷ്ണഗിരി സ്വദേശി മഹേന്ദ്രൻ ആണ് ആത്മഹത്യക്ക് ശ്രമം നടത്തിയത്. കഴുത്ത് മുറിച്ച് മരിക്കാൻ ശ്രമിക്കുകയായിരുന്നു. മഹേന്ദ്രൻ വർഷങ്ങളായി വിജയ് ആരാധകൻ ആണ്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. എക്സിറ്റ് പോളിലെ ഡിഎംകെ മുന്നേറ്റത്തിൽ മഹേന്ദ്രൻ ദുഖിതനായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെയ്ക്കാണ് മേൽക്കൈ പ്രവചിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സഖ്യം സംസ്ഥാനത്ത് ഭരണം നിലനിർത്തുമെന്നാണ് പ്രവചനം.

പീപ്പിൾസ് പൾസ്, ചാണക്യ തുടങ്ങിയ ഏജൻസികൾ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോൾ ജെവിസി ടൈംസ് നൗ, അണ്ണാ ഡിഎംകെ - ബിജെപി സഖ്യം അട്ടിമറി നേടുമെന്നും പ്രവചിക്കുന്നു. അതേസമയം ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലത്തിൽ ടിവികെയ്ക്കാണ് മേൽക്കെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/357135/fan-attempts-suicide-by-slitting-throat-after-campaign-predicts-vijays-defeat-in-tamil-nadu)