---
title: "വോട്ടെണ്ണൽ ദിനത്തിൽ പാനൂർ മേഖലയിൽ കർശന നിയന്ത്രണം ; ആഹ്ലാദ പ്രകടനങ്ങളിൽ പ്രകോപനമുദ്രാവാക്യങ്ങൾ പാടില്ല, പടക്കം പൊട്ടിക്കരുത്.."
english_title: "Strict restrictions in Panur area on vote counting day; no provocative slogans or bursting of firecrackers during celebrations."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356416/strict-restrictions-in-panur-area-on-vote-counting-day-no-provocative-slogans-or-bursting-of-firecrackers-during-celebrations"
published_at: "2026-04-30T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3283721a13_Untitled-6_copy.jpg"
keywords: []
---

# വോട്ടെണ്ണൽ ദിനത്തിൽ പാനൂർ മേഖലയിൽ കർശന നിയന്ത്രണം ; ആഹ്ലാദ പ്രകടനങ്ങളിൽ പ്രകോപനമുദ്രാവാക്യങ്ങൾ പാടില്ല, പടക്കം പൊട്ടിക്കരുത്..

> **Lead Summary:** പാനൂർ: വോട്ടെണ്ണൽ ദിനത്തിൽ പാനൂർ മേഖലയിൽ സമാധാനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനംപാനൂർ പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനം എടുത്തത്

## Article Content

പാനൂർ: വോട്ടെണ്ണൽ ദിനത്തിൽ പാനൂർ മേഖലയിൽ സമാധാനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനംപാനൂർ പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനം എടുത്തത്

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആഹ്ലാദപ്രകടനങ്ങൾക്ക് പാനൂരിൽ നിയന്ത്രണങ്ങൾ. ഒപ്പം സമാധാനപരമായ ആഘോഷങ്ങൾക്കും തീരുമാനം.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് നടക്കുന്ന ആഹ്ലാദപ്രകടനങ്ങൾ സമാധാനപരമായി നടത്തുന്നതിനായി വിവിധ നിർദേശങ്ങൾ ഉൾപ്പെടുത്തി സർവകക്ഷി യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. പൊതുസ്ഥലങ്ങളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മുഴുവൻ ബാനറുകളും മറ്റ് പ്രചരണ സാമഗ്രികളും രണ്ട് ദിവസത്തിനുള്ളിൽ പൂർണ്ണമായി നീക്കം ചെയ്യണമെന്ന് നിർദേശിച്ചു.

ആഹ്ലാദപ്രകടനങ്ങൾ നടത്തുമ്പോൾ ഉത്തരവാദിത്തമുള്ള നേതൃത്വം ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട പാർട്ടികൾ പരിപാടികളുടെ സമയം, സ്ഥലം എന്നിവ മുൻകൂട്ടി പോലീസിനെ അറിയിക്കണമെന്നും തീരുമാനമായി. ഇത്തരം പ്രകടനങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഒഴിവാക്കേണ്ടതും എതിര്‍കക്ഷികളുടെ ഓഫീസുകൾക്കും വീടുകൾക്കും മുന്നിൽ എത്തി മുദ്രാവാക്യം വിളിക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചു.

പൊതു സ്ഥലങ്ങളിലും റോഡുകളിലും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം ബൈക്ക് റാലികളും ഡിജെ സംവിധാനങ്ങളും ആഹ്ലാദപ്രകടനങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാനും തീരുമാനമായി. എതിര്‍കക്ഷികളുടെ പ്രവർത്തകർ ഒരേ സ്ഥലത്ത് എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കി പരസ്പര പോർവിളികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.

പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ തമ്മിൽ സഹകരണം ഉറപ്പാക്കുകയും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും യോഗത്തിൽ തീരുമാനമായി. പാനൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് പി.കെ ജിതേഷ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എസ്.ഐ പി.ആർ ശരത്ത്, അഡീ. എസ്.ഐ വി.പി മുഹമ്മദ് ഷജീർ, സീനിയർ സി.പി.ഒ - കെ.സി ലിനീഷ് എന്നിവർ സംസാരിച്ചു. എസ്.ഐ കെ.അഷ്റഫ് സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356416/strict-restrictions-in-panur-area-on-vote-counting-day-no-provocative-slogans-or-bursting-of-firecrackers-during-celebrations)