---
title: "എക്‌സിറ്റ് പോൾ എക്സിറ്റ് പോൾ മാത്രം, അവസാന വാക്കല്ല, മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെയെന്ന് ബിനോയ് വിശ്വം"
english_title: "Exit polls are only exit polls, not the final word, people should take the blame, says Binoy Vishwam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356330/exit-polls-are-only-exit-polls-not-the-final-word-people-should-take-the-blame-says-binoy-vishwam"
published_at: "2026-04-30T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2ef4384a63_Untitled-4_copy.jpg"
keywords: []
---

# എക്‌സിറ്റ് പോൾ എക്സിറ്റ് പോൾ മാത്രം, അവസാന വാക്കല്ല, മുഖവിലക്കെടുക്കേണ്ടത് ജനങ്ങളെയെന്ന് ബിനോയ് വിശ്വം

> **Lead Summary:** എക്‌സിറ്റ് പോള്‍ എക്‌സിറ്റ് പോള്‍ മാത്രമാണെന്നും അവസാന വാക്കല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും ലവലേശം കുറയാതെ ഞങ്ങള്‍ ഇപ്പോഴും ആ പ്രതീക്ഷയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

## Article Content

എക്‌സിറ്റ് പോള്‍ എക്‌സിറ്റ് പോള്‍ മാത്രമാണെന്നും അവസാന വാക്കല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും ലവലേശം കുറയാതെ ഞങ്ങള്‍ ഇപ്പോഴും ആ പ്രതീക്ഷയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫിന് ഇപ്പോഴും ശുഭപ്രതീക്ഷയുണ്ട്. പണ്ടും എക്‌സിറ്റ്‌പോള്‍ ഇത്തരം കഥകള്‍ പണ്ടും പറഞ്ഞതാണ്. കഥകളൊക്കെ കഥകളാണ്. എക്‌സിറ്റ് പോളുകള്‍ ആരുടെ പ്രതീക്ഷ എന്ന ചോദ്യം ഉണ്ട്. ആര്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷയാണ് അത് എന്നതും വ്യക്തമാണ്. ഈ പ്രതീക്ഷിക്കുന്നവരെല്ലാം ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ കാഴ്ചയുള്ളവരാണ്. ആ കണ്ണടയാണ് അവരുടെയൊക്കെ കാഴ്ചയ്ക്ക് അടിസ്ഥാനം. ജനങ്ങളുടെ കാഴ്ചയാണ് പ്രധാനം – ബിനോയ് വിശ്വം പറഞ്ഞു.

കേരളത്തില്‍ യുഡിഎഫിന്റെ തിരിച്ചുവരവാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 70 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് ഏഴ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫിന് അധികാരത്തിന് പുറത്താകുമെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു.

എല്‍ഡിഎഫ് എഴുപത് സീറ്റുകളിലേക്ക് എത്തില്ലെന്നാണ് സര്‍വേകള്‍ വിലയിരുത്തുന്നത്. ആക്‌സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നത്. എണ്‍പത് മുതല്‍ തൊണ്ണൂറ് സീറ്റ് വരെ. എന്‍ഡിഎ നാല് സീറ്റുവരെ നേടുമെന്നും പ്രവചനമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356330/exit-polls-are-only-exit-polls-not-the-final-word-people-should-take-the-blame-says-binoy-vishwam)