---
title: "പാനൂരിന്റെ സാമൂഹ്യ–രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യം എലാങ്കോട്ടെ കണ്ണോളിൽ നാണു മാസ്റ്റർ ഇനി ഓർമ്മ ; സംസ്കാരം വൈകീട്ട് 6ന്"
english_title: "Panur's active presence in the socio-political arena Elangode Kannolil Nanu Master is now remembered; Funeral at 6 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356268/panurs-active-presence-in-the-socio-political-arena-elangode-kannolil-nanu-master-is-now-remembered-funeral-at-6-pm"
published_at: "2026-04-30T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2c4b655f33_Untitled-1_copy.jpg"
keywords: []
---

# പാനൂരിന്റെ സാമൂഹ്യ–രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യം എലാങ്കോട്ടെ കണ്ണോളിൽ നാണു മാസ്റ്റർ ഇനി ഓർമ്മ ; സംസ്കാരം വൈകീട്ട് 6ന്

> **Lead Summary:** പാനൂർ: പാനൂർ പഞ്ചായത്ത് പ്രസിഡണ്ട്,കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും, പാനൂർ മേഖലയിലെ സാമൂഹ്യ–രാഷ്ട്രീയ രംഗങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യവുമായിരുന്ന എലാങ്കോട്ടെ കണ്ണോളിൽ നാണു മാസ്റ്റർ നിര്യാതനായി.

## Article Content

പാനൂർ: പാനൂർ പഞ്ചായത്ത് പ്രസിഡണ്ട്,കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും, പാനൂർ മേഖലയിലെ സാമൂഹ്യ–രാഷ്ട്രീയ രംഗങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യവുമായിരുന്ന എലാങ്കോട്ടെ കണ്ണോളിൽ നാണു മാസ്റ്റർ നിര്യാതനായി.

ചൊക്ലി മാരാങ്കണ്ടി എൽപി സ്കൂളിലെ റിട്ട.പ്രധാന അധ്യാപകനായിരുന്നു. പ്രായാധിക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

രാഷ്ട്രീയ–സാമൂഹ്യ മേഖലകളിൽ സമർപ്പിത സേവനത്തിന് പേരുകേട്ട നാണു മാസ്റ്റർ, പാനൂർ പഞ്ചായത്ത് പ്രസിഡണ്ട്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച കാലഘട്ടത്തിൽ പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയിരുന്നു.

കോൺഗ്രസ് (എസ്) പാനൂർ ബ്ലോക്ക് പ്രസിഡന്റായും, എൻ.സി.പി കണ്ണൂർ ജില്ലാ സെക്രട്ടറിയായും, കെ.എസ്.എസ്.പി.യു പാനൂർ ബ്ലോക്ക് പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചു. വിവിധ ഘട്ടങ്ങളിൽ പാർട്ടി സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലും, യുവതലമുറയെ പൊതുജന സേവനത്തിലേക്ക് ആകർഷിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.

രാഷ്ട്രീയ രംഗത്തോടൊപ്പം വിദ്യാഭ്യാസ–സാമൂഹ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അധ്യാപകനായിരുന്ന കാലം മുതൽ തന്നെ സമൂഹത്തോട് അടുപ്പം പുലർത്തിയ നാണു മാസ്റ്റർ, പാനൂരിലെ പൊതുജന ജീവിതത്തിന്റെ വിവിധ മേഖലകളിൽ തന്റെ ഇടപെടൽ രേഖപ്പെടുത്തി. പൊതുപ്രവർത്തന രംഗത്തെ അനുഭവങ്ങളും നാട്ടിനോടുള്ള സ്നേഹവും പ്രതിഫലിപ്പിക്കുന്ന ‘എന്റെ പ്രിയനാടെ’ എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.

നാണു മാസ്റ്ററുടെ നിര്യാണം പാനൂർ മേഖലയ്ക്ക് വലിയ നഷ്ടമാണ്. വിവിധ രാഷ്ട്രീയ–സാമൂഹ്യ നേതാക്കളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: വസന്തകുമാരി. (റിട്ട. അധ്യാപിക, പെരിയാണ്ടി എൽ.പി. സ്കൂൾ)

മക്കൾ: അനൂപ് (ദുബൈ), സുദീപ് (മലേഷ്യ)

മരുമക്കൾ: രാഖി, നിത്യ.

സഹോദരങ്ങൾ : പരേതരായ ബാലൻ, ഗോവിന്ദൻ

സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356268/panurs-active-presence-in-the-socio-political-arena-elangode-kannolil-nanu-master-is-now-remembered-funeral-at-6-pm)