---
title: "കതിരൂരിൽ ഹൈ ടെൻഷൻ ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാനെത്തിയ  കരാറുകാരൻ വെന്തുമരിച്ച സംഭവത്തിൽ വെളിവാകുന്നത് കെ.എസ്.ഇ.ബിയുടെ അനാസ്ഥയൊ ? ; പഞ്ചാരേന്റവിട രാജന്  യാത്രാമൊഴി"
english_title: "Is the negligence of KSEB revealed in the incident where a contractor who came to prevent a short circuit on a high-tension line in Kathiroor was burnt to death?; Pancharentavide Rajan's travelogue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356240/is-the-negligence-of-kseb-revealed-in-the-incident-where-a-contractor-who-came-to-prevent-a-short-circuit-on-a-high-tension-line-in-kathiroor-was-burnt-to-death-pancharentavide-rajans-travelogue"
published_at: "2026-04-29T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2249078972_Untitled-2_copy.jpg"
keywords: []
---

# കതിരൂരിൽ ഹൈ ടെൻഷൻ ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാനെത്തിയ  കരാറുകാരൻ വെന്തുമരിച്ച സംഭവത്തിൽ വെളിവാകുന്നത് കെ.എസ്.ഇ.ബിയുടെ അനാസ്ഥയൊ ? ; പഞ്ചാരേന്റവിട രാജന്  യാത്രാമൊഴി

> **Lead Summary:** കതിരൂർ: കതിരൂർ പൊന്ന്യം പറാം കുന്നിൽ കെ.എസ്.ഇ.ബി. സബ്ബ് സ്റ്റേഷൻ പരിസരത്തെ 11 കെ.വി. ഹൈടെൻഷൻ ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാനെത്തിയ കെഎസ്ഇബി കരാർ ജീവനക്കാരൻ വെന്തുമരിച്ച സംഭവത്തിൽ കതിരൂർ പൊലീസും, കെ.എസ്.ഇ.ബിയും അന്വേഷണം തുടങ്ങി.

## Article Content

കതിരൂർ: കതിരൂർ പൊന്ന്യം പറാം കുന്നിൽ കെ.എസ്.ഇ.ബി. സബ്ബ് സ്റ്റേഷൻ പരിസരത്തെ 11 കെ.വി. ഹൈടെൻഷൻ ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാനെത്തിയ കെഎസ്ഇബി കരാർ ജീവനക്കാരൻ വെന്തുമരിച്ച സംഭവത്തിൽ കതിരൂർ പൊലീസും, കെ.എസ്.ഇ.ബിയും അന്വേഷണം തുടങ്ങി.

കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ കുണ്ടുചിറ ചെഗുവേര ബസ്സ് സ്റ്റോപ്പിനടുത്ത പഞ്ചാരേന്റവിട രാജനാണ് ചൊവ്വാഴ്ച രാത്രി ദാരുണമായി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുണ്ടുചിറയിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് നാട് നടുക്കിയ ഷോക്കേറ്റ് മരണം സംഭവിച്ചത്. അപകടത്തിൽ ദേശവാസികൾ വിരൽ ചൂണ്ടുന്നത് കെ.എസ്.ഇ.ബി.യുടെ അനാസ്ഥയിലേക്കാണ്.

തീപ്പൊരി ചിതറുന്ന ഹൈടെൻഷൻ ലൈൻ വഹിക്കുന്ന ഇലക്ട്രിക്പോസ്റ്റിന്റെ നമ്പർ മനസിലാക്കാൻ വൈദ്യുതി ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് സമീപത്തുള്ള വീട്ടിലെ മൂന്ന് പെൺകുട്ടികൾ രാത്രിയിൽ അപകട സ്ഥലത്തേക്ക് ഓടിയിരുന്നു. വഴിയിൽ ഒരു കാട്ടുപന്നിയെ കണ്ടതോടെ കുട്ടികൾ പേടിച്ച് തിരിച്ചോടുകയായിരുന്നു. മറിച്ചായിരുന്നെങ്കിൽ കുട്ടികളും വൈദ്യുതി പോസ്റ്റിൽ തൊട്ട് അപകടത്തിനിരയാകുമായിരുന്നുവെന്ന് ഭീതിയോടെ വീട്ടുകാർ പറഞ്ഞു.. സാധാരണ നിലയിൽ ഹൈടെൻഷൻ ലൈനിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചാൽ വൈദ്യുതി നിയന്ത്രണ കേന്ദ്രത്തിൽ സർക്യൂട്ട്

ഡ്രിപ്പ് സംഭവിക്കും. ഇവിടെ പക്ഷെ അതുണ്ടായില്ല. തീപ്പൊരി ചിതറിയ ഹൈടെൻഷൻ പോസ്റ്റിന് മുകളിലെ ലൈനിൽ പിൻ ഇൻസിലേറ്റർ ഘടിപ്പിക്കുന്നതിന് പകരം അലൂമിനിയം വയറുകൾ ചുരുട്ടിക്കെട്ടിവച്ചതായും ആരോപണമുണ്ട്. ഇത് കാറ്റിൽ ഇളകിയാവണം ഷോർട്ട് സർക്യൂട്ടും തീപ്പൊരിയും ഉണ്ടായതെന്ന് പറയപ്പെടുന്നു. തലശേരി കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാരനായ പൊന്നമ്പത്ത് രാജേഷിനോട് അവിടെയെത്തി തകരാർ പരിഹരിക്കാൻ സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

രാജേഷ് സഹായിയായി കരാർ തൊഴിലാളി രാജനെ ഒപ്പം കൂട്ടുകയായിരുന്നു. പരിശോധനക്കിടെ രാജൻ ഹൈ ടെൻഷൻ വൈദ്യുത കമ്പിയോട് ചേർന്നുള്ള എർത്ത് കമ്പി അറിയാതെ പിടിച്ചു പോകുകയും, വൈദ്യുതാഘാതത്തിൽ തീപ്പിടുത്തമുണ്ടാകുകയുമായിരുന്നു. ദേഹമാസകലം തീപ്പടർന്ന രാജൻ അവിടെ തന്നെ മരിച്ചു വീണു. നാട്ടുകാരെത്തിയാണ് മൃതദേഹം മാറ്റിയത്. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം കുണ്ടുചിറ എ.കെ. ജി ക്ലബ് പരിസരത്തും, വീട്ടിലും പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. ഉച്ചയോടെ കുണ്ടുചിറ വാതക ശ്മശാനത്തിൽ സംസ്ക്കരിച്ചു.

സിന്ധുവാണ് ഭാര്യ. അനുവർഷ ഏക മകളാണ്. രതീശൻ, രഞ്ജിത്ത്, രാഗേഷ്, രജിത, രേഷ്മ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356240/is-the-negligence-of-kseb-revealed-in-the-incident-where-a-contractor-who-came-to-prevent-a-short-circuit-on-a-high-tension-line-in-kathiroor-was-burnt-to-death-pancharentavide-rajans-travelogue)