---
title: "കർണാടകയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ട് രണ്ട് മലയാളി യുവാക്കൾ മരിച്ചു ; മരിച്ചത് വയനാട്, കാസർകോട് സ്വദേശികൾ"
english_title: "Two Malayali youths die in pickup van accident in Karnataka; The deceased are natives of Wayanad and Kasaragod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356117/two-malayali-youths-die-in-pickup-van-accident-in-karnataka-the-deceased-are-natives-of-wayanad-and-kasaragod"
published_at: "2026-04-29T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f19a87d5cf1_69f188b282fda_5.jpg"
keywords: []
---

# കർണാടകയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ട് രണ്ട് മലയാളി യുവാക്കൾ മരിച്ചു ; മരിച്ചത് വയനാട്, കാസർകോട് സ്വദേശികൾ

> **Lead Summary:** ബെംഗളൂരു -മൈസൂരു ദേശീയപാതയിലെ രാമനഗരയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് പുല്പള്ളി കബനിഗിരി സ്വദേശി ടി.വി. അജിത്ത് , കാസർകോട് അട്ടേങ്ങാനം സ്വദേശി സുബിൻ എന്നിവരാണ് മരിച്ചത്.

## Article Content

ബെംഗളൂരു -മൈസൂരു ദേശീയപാതയിലെ രാമനഗരയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് പുല്പള്ളി കബനിഗിരി സ്വദേശി ടി.വി. അജിത്ത് , കാസർകോട് അട്ടേങ്ങാനം സ്വദേശി സുബിൻ എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്. കാസർകോട് അട്ടേങ്ങാനത്തെ ക്വാറിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനായി ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ഇരുവരും.

ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നുപോയി. കാസർകോട് അട്ടേങ്ങാനം കോളിയാറിലെ ക്വാറി സൂപ്പർവൈസറാണ് മരിച്ച അജിത്ത്.

വാസുദേവൻ നായരുടെയും സുകുമാരിയുടെയും മകനാണ്. നീതുവാണ് ഭാര്യ. മക്കൾ: അനുനന്ദ, അനുരാഗ്. അട്ടേങ്ങാനം കുറ്റിയോട്ട് സ്വദേശിയായ സുബിൻ വാഹനത്തിന്റെ ഡ്രൈവറായിരുന്നു.

പരേതനായ താമരാക്ഷന്റെയും ബീനയുടെയും മകനാണ് സുബിൻ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356117/two-malayali-youths-die-in-pickup-van-accident-in-karnataka-the-deceased-are-natives-of-wayanad-and-kasaragod)