---
title: "കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ;  ഒന്നരലക്ഷം രൂപ കവര്‍ന്നു."
english_title: "The robbery at the Malancharakku shop in Kallachi town continues; Rs. 1.5 lakh stolen."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356032/the-robbery-at-the-malancharakku-shop-in-kallachi-town-continues-rs-15-lakh-stolen"
published_at: "2026-04-28T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0ccde9924f_vbvbvb.jpg"
keywords: []
---

# കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ;  ഒന്നരലക്ഷം രൂപ കവര്‍ന്നു.

> **Lead Summary:** കല്ലാച്ചി ടൗണിലെ മലഞ്ചരക്ക് കടയിലെ മേശയില്‍നിന്ന് ഒന്നരലക്ഷം രൂപ കവര്‍ന്നു. കല്ലാച്ചി മത്സ്യമാര്‍ക്കറ്റിനടുത്ത് ടി.വി.കെ. കുഞ്ഞമ്മദ്ഹാജിയുടെ മലഞ്ചരക്ക് കടയില്‍നിന്നാണ് പണം കവര്‍ന്നത്.

## Article Content

കല്ലാച്ചി ടൗണിലെ മലഞ്ചരക്ക് കടയിലെ മേശയില്‍നിന്ന് ഒന്നരലക്ഷം രൂപ കവര്‍ന്നു. കല്ലാച്ചി മത്സ്യമാര്‍ക്കറ്റിനടുത്ത് ടി.വി.കെ. കുഞ്ഞമ്മദ്ഹാജിയുടെ മലഞ്ചരക്ക് കടയില്‍നിന്നാണ് പണം കവര്‍ന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കുഞ്ഞമ്മദ്ഹാജി ളുഹര്‍ നമസ്‌ക്കാരത്തി ന് പള്ളിയിലേക്ക് പോയ സമയത്താണ് പണം കവര്‍ന്നത്. പള്ളിയിലേക്ക് പോകുമ്പോള്‍ മേശയ്ക്ക് പൂട്ടിട്ട് താക്കോല്‍ കീശയില്‍ സൂക്ഷിച്ചിരുന്നു. കടയുടെ ഷട്ടര്‍ താഴേക്ക് താഴ്ത്തിയെങ്കിലും ലോക്ക് ചെയ്തിരുന്നില്ല.

ചള്ളിയില്‍ പോയി അരമണിക്കൂറിനുള്ളില്‍ തിരിച്ചെത്തി ഷട്ടര്‍ ഉയര്‍ത്തി മേശയുടെ അടുത്തെത്തിയപ്പോഴാണ് മേശ തുറന്നനിലയില്‍ കണ്ടത്. അടുത്തുണ്ടായിരുന്ന അടയ്ക്ക വെട്ടുന്ന മെഷീന്‍ ഉപയോഗിച്ചാണ് മേശ തുറന്നതെന്നാണ് കരുതുന്നത്.

500 രൂപയുടെ കെട്ടുകളാണ് കടയില്‍നിന്ന് കവര്‍ന്നത്. ഇത് ഏകദേശം ഒന്നരലക്ഷം രൂപയോളമുണ്ടെന്ന് കുഞ്ഞമ്മദ്ഹാജി പോലീസിനോട് പറഞ്ഞു. നാദാപുരം പോലീസ് സ്ഥലത്തെത്തി. പരിശോധന നടത്തി.

കഴിഞ്ഞമാസം 23-ന് മലഞ്ചരക്ക് കടയില്‍നിന്ന് ഒരു ചാക്ക് കുരുമുളക് മോഷണം പോയിരുന്നു. മൂന്നുദിവസത്തെ പെരുന്നാള്‍ അവധിക്കുശേഷം കട തുറന്ന സമയത്താണ് കുരുമുളക് മോഷണംപോയ വിവരമറിയുന്നത്.

പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. നാലുവര്‍ഷം മുന്‍പ് ഇതേ രീതിയില്‍ കടയുടമ പുറത്തു പോയ സമയത്ത് മലഞ്ചരക്ക് കടയില്‍നിന്ന് ഒരു ലക്ഷം രൂപ മോഷണം പോയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356032/the-robbery-at-the-malancharakku-shop-in-kallachi-town-continues-rs-15-lakh-stolen)