---
title: "കക്കൂസ് മാലിന്യം ഉൾപ്പടെ  ഓടയിലേക്ക് ; വടകരയിലെ  എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു"
english_title: "MRA Hotel in Vadakara fined Rs 50,000 for dumping waste including toilet waste into drains, operations suspended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356013/mra-hotel-in-vadakara-fined-rs-50000-for-dumping-waste-including-toilet-waste-into-drains-operations-suspended"
published_at: "2026-04-28T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f09ce2a82a0_69f0949ff0d6f_19.jpg"
keywords: []
---

# കക്കൂസ് മാലിന്യം ഉൾപ്പടെ  ഓടയിലേക്ക് ; വടകരയിലെ  എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

> **Lead Summary:** വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എം.ആർ.എ ഹോട്ടലിനെതിരെ കര്‍ശന നടപടിയുമായി നഗരസഭ അധികൃതർ. കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലം നഗരസഭയുടെ പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന് അരലക്ഷം രൂപ പിഴ ചുമത്തുകയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.

## Article Content

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എം.ആർ.എ ഹോട്ടലിനെതിരെ കര്‍ശന നടപടിയുമായി നഗരസഭ അധികൃതർ. കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലം നഗരസഭയുടെ പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന് അരലക്ഷം രൂപ പിഴ ചുമത്തുകയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.

നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുരുതരമായ ഈ നിയമലംഘനം പുറത്തുവന്നത്. പുതിയ ബസ് സ്റ്റാന്‍ഡിലെ പൊതു ശൗചാലയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷവും ഡ്രൈനേജിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതർ വിശദമായ പരിശോധന നടത്തിയത്.

ഹോട്ടലിന്റെ പിന്‍ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി പരിശോധിച്ചപ്പോഴാണ് ശുചിമുറി മാലിന്യം നേരിട്ട് ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്. ഇത്തരത്തില്‍ കെട്ടിക്കിടന്ന 6,500 ലിറ്ററിലധികം മാലിന്യം നഗരസഭയുടെ ഇടപെടലിലൂടെ പ്രദേശത്തുനിന്ന് നീക്കം ചെയ്തു.

48 മണിക്കൂറിനുള്ളില്‍ ഹോട്ടല്‍ പരിസരത്തെ ബാക്കി മാലിന്യങ്ങള്‍ കൂടി നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ചട്ടവിരുദ്ധമായി നിര്‍മിച്ച മൂന്ന് ശുചിമുറികള്‍ പൊളിച്ചുനീക്കുകയും ചെയ്തു.

ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഹോട്ടലിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്നും, നഗരത്തില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356013/mra-hotel-in-vadakara-fined-rs-50000-for-dumping-waste-including-toilet-waste-into-drains-operations-suspended)