---
title: "പൊയിലൂരിൽ കണ്ടെത്തിയ ബോംബുകൾ 'വ്യാജൻ..' ; കബളിപ്പിക്കൽ സംഘത്തിന് പിന്നാലെ പൊലീസ്"
english_title: "Bombs found in Poilur are 'fake'; Police after fraud gang"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355564/bombs-found-in-poilur-are-fake-police-after-fraud-gang"
published_at: "2026-04-26T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ede7459d530_Untitled-5_copy.jpg"
keywords: []
---

# പൊയിലൂരിൽ കണ്ടെത്തിയ ബോംബുകൾ 'വ്യാജൻ..' ; കബളിപ്പിക്കൽ സംഘത്തിന് പിന്നാലെ പൊലീസ്

> **Lead Summary:** പൊയിലൂർ മേപ്പാട് പ്രദേശത്ത് കുനിയിൽ മഠപ്പുരയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും ‘ബോംബ്’ എന്ന സംശയത്തിൽ കണ്ടെത്തിയ വസ്തുക്കൾ പരിശോധിച്ചപ്പോൾ കബളിപ്പിക്കൽ മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആദ്യം ഒരു നാടൻ ബോംബും അഞ്ച് ‘ഐസ്‌ക്രീം ബോംബും’ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിരുന്നു.

## Article Content

പൊയിലൂർ മേപ്പാട് പ്രദേശത്ത് കുനിയിൽ മഠപ്പുരയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും ‘ബോംബ്’ എന്ന സംശയത്തിൽ കണ്ടെത്തിയ വസ്തുക്കൾ പരിശോധിച്ചപ്പോൾ കബളിപ്പിക്കൽ മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആദ്യം ഒരു നാടൻ ബോംബും അഞ്ച് ‘ഐസ്‌ക്രീം ബോംബും’ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിരുന്നു.

വിവരമെത്തിയതോടെ പോലീസ് സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദ പരിശോധനകൾ നടത്തി. തുടർന്ന് നടത്തിയ സാങ്കേതിക പരിശോധനയിൽ വസ്തുക്കൾക്കുള്ളിൽ എം-സാൻ്റും കല്ലുകളും നിറച്ച് ‘ബോംബ്’ രൂപത്തിൽ ഒരുക്കിയതാണെന്ന് വ്യക്തമായി.

ഇതോടെ ജനങ്ങളിൽ പടർന്ന ആശങ്ക ഒഴിവായി. എന്നാൽ ഇത്തരത്തിലുള്ള കബളിപ്പിക്കൽ ശ്രമങ്ങൾ ഗുരുതരമാണെന്നും ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായും എസ്.ഐ അഖിൽ അറിയിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമീപ പ്രദേശത്ത് ജെ.സി.ബി. ഉപയോഗിച്ച് വീടുപണി നടക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക് പറ്റിയ സംഭവം ഉണ്ടായിരുന്ന സാഹചര്യത്തിൽ, പുതിയ കണ്ടെത്തൽ പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിരുന്നു.

സംഭവസ്ഥലത്ത് കൂത്തുപറമ്പ് എ.സി.പി. സിബി ടോം, കൊളവല്ലൂർ എസ്.ഐ. അഖിൽ, ടി.കെ. രാജേഷ്, വത്സൻ എസ്.ഐ., കെ. സഹദേവൻ എന്നിവരെത്തി

കൂടുതൽ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355564/bombs-found-in-poilur-are-fake-police-after-fraud-gang)