---
title: "കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി."
english_title: "Child marriage in Kasaragod; Case filed against four people including groom, ward member, and Khatib; efforts have begun to bring back the groom who is abroad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355468/child-marriage-in-kasaragod-case-filed-against-four-people-including-groom-ward-member-and-khatib-efforts-have-begun-to-bring-back-the-groom-who-is-abroad"
published_at: "2026-04-26T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed94359430b_police.1697912334.jpg"
keywords: []
---

# കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

> **Lead Summary:** കാസർകോട് പടന്ന അഴിക്കൽ ജുമാമസ്‌ജിദിൽ 16-കാരിയുടെ വിവാഹം നടത്തി യെന്ന പരാതിയിൽ നാലുപേർക്കെതിരേ പോലീസ് കേസെടുത്തു. ശൈശവ വിവാഹ നിരോധന ഓഫീസർ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലും ചൈൽഡ് ലൈനിലും നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചന്തേര പോലീസ് കേസ് രജിസ്റ്റർചെയ്തത്. കോടതി നിർദേശപ്രകാരമാണ് നടപടി. ഏപ്രിൽ 13-ന് വലിയപറമ്പിലെ പതിനാറുകാരിയുമായി എടച്ചാക്കൈ ബദർ നഗറിലെ ഇരുപത്തെട്ടുകാരന്റെ വിവാഹം അഴിക്കൽ ജുമാമസ്‌ജിദിൽ നടന്നുവെന്നാണ് പരാതി.

## Article Content

കാസർകോട് പടന്ന അഴിക്കൽ ജുമാമസ്‌ജിദിൽ 16-കാരിയുടെ വിവാഹം നടത്തി യെന്ന പരാതിയിൽ നാലുപേർക്കെതിരേ പോലീസ് കേസെടുത്തു. ശൈശവ വിവാഹ നിരോധന ഓഫീസർ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലും ചൈൽഡ് ലൈനിലും നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചന്തേര പോലീസ് കേസ് രജിസ്റ്റർചെയ്തത്. കോടതി നിർദേശപ്രകാരമാണ് നടപടി. ഏപ്രിൽ 13-ന് വലിയപറമ്പിലെ പതിനാറുകാരിയുമായി എടച്ചാക്കൈ ബദർ നഗറിലെ ഇരുപത്തെട്ടുകാരന്റെ വിവാഹം അഴിക്കൽ ജുമാമസ്‌ജിദിൽ നടന്നുവെന്നാണ് പരാതി.

വരൻ ബദർ നഗറിലെ സാബിർ ഷേക്ക് (28), മാവിലാകടപ്പുറത്തെ കെ.സി.അബ്ദുൾ റഹ്മാൻ (55), അഴിക്കൽ ഇർഷാദുൽ ഇസ്‌ലാം ജമാഅത്ത് സെ ക്രട്ടറിയും പടന്ന ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡ് അംഗവുമായ പി.കെ.താജുദ്ദീൻ (48), ജുമാമസ്‌ജിദ് ഖത്തീബ് റഹ്‌മത്തുള്ള മദനി (62) എന്നിവർക്കെതിരേയാണ് ശൈശവവിവാഹ നിരോധന നിയമപ്രകാരം കേസെടുത്തത്. ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന വരൻ സാബിർ ഷേക്ക് ഇതിനിടെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയിരുന്നു.

ശൈശവവിവാഹത്തിന് ജമാ അത്ത് സെക്രട്ടറി ഒത്താശ നൽകിയെന്ന് ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെത്തുടർന്നാണ് അന്വേഷണമാരംഭിച്ചത്. ശിശു ക്ഷേമ, വികസനവകുപ്പിന് കീഴിലുള്ള ശൈശവവിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ പള്ളിയിലെ ഖത്തീബ്, പെൺകുട്ടി, രക്ഷിതാക്കൾ, ജമാഅത്ത് ഭാരവാഹികൾ, നാട്ടുകാർ, ചടങ്ങിൽ പങ്കെടുത്തവർ എന്നിവരിൽ നിന്ന് ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകൾവച്ചാണ് കേസെടുക്കാൻ റിപ്പോർട്ട് നൽകിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ പെൺകുട്ടിയുടെ മഹല്ല് അധികൃതർ വിസമ്മതിച്ചതിനാലാണ് വിവാഹം എടച്ചാക്കൈ യിലാക്കിയത്. ഇതിന് ജമാഅത്ത് സെക്രട്ടറിയാണ് ഒത്താശ ചെയ്തതെന്ന് സെക്രട്ടറിയെ എതിർക്കുന്നവർ പറയുന്നു. കൂടാതെ വിവാഹം നടന്ന ദിവസത്തെ പള്ളിയിലെ നിരീക്ഷണക്യാമറ ദൃശ്യങ്ങൾ കാണാതായതും ദുരൂഹമാണെന്നും ഇവർ ആരോപിക്കുന്നു. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിന് പോലീസ് ഹാർഡ് ഡിസ്ക്കുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിവാഹം നടന്നിട്ടില്ലെന്നും ഖത്തീബിന്റെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം മാത്രമാണ് നടന്നതെന്നുമാണ് പള്ളിക്കമ്മിറ്റിയെ അനുകൂലിക്കുന്നവർ പറയുന്നത്. വിവാഹം വിവാദമായതോടെ ഒരു വിഭാഗം ആളുകൾ പള്ളിക്കമ്മിറ്റി ഭാരവാഹികൾ രാജി വെക്കണ മെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ, കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355468/child-marriage-in-kasaragod-case-filed-against-four-people-including-groom-ward-member-and-khatib-efforts-have-begun-to-bring-back-the-groom-who-is-abroad)