---
title: "ആര്‍.എസ്.എസ് പ്രവര്‍ത്തകൻ  പിണറായിലെ  എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും "
english_title: "RSS worker Pinarayi's MK Raijesh attempted murder case; Three CPM workers sentenced to rigorous imprisonment and fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/354101/rss-worker-pinarayis-mk-raijesh-attempted-murder-case-three-cpm-workers-sentenced-to-rigorous-imprisonment-and-fine"
published_at: "2026-04-18T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e38373de880_69e357f01f4b8_court.jpg"
keywords: []
---

# ആര്‍.എസ്.എസ് പ്രവര്‍ത്തകൻ  പിണറായിലെ  എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും 

> **Lead Summary:** പിണറായി : ആര്‍.എസ്.എസ് പ്രവര്‍ത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമക്കേസിൽ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും ശിക്ഷ . ടെൻഷൻ ശ്രീജിത്തിന് 14 വർഷവും, മറ്റു പ്രതികൾക്ക് 8 വർഷം വീതവും കഠിന തടവ്

## Article Content

പിണറായി : ആര്‍.എസ്.എസ് പ്രവര്‍ത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമക്കേസിൽ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും ശിക്ഷ . ടെൻഷൻ ശ്രീജിത്തിന് 14 വർഷവും, മറ്റു പ്രതികൾക്ക് 8 വർഷം വീതവും കഠിന തടവ്

കേസില്‍ രണ്ടാംപ്രതി പന്തക്കപ്പാറ സ്വദേശി പി.കെ ഷഫീഖ് (42), ആറാം പ്രതി വടക്കുമ്പാട് സ്വദേശി കെ.കെ ശ്രീജിത്ത് എന്ന ടെന്‍ഷന്‍ ശ്രീജിത്ത് (47), ഏഴാം പ്രതി എരുവട്ടി സ്വദേശി ഷൈജു (40) എന്നിവരെയാണ് തലശേരി അഡീഷനല്‍ ജില്ലാ ജഡ്ജി ജെ. വിമല്‍ ശിക്ഷിച്ചത്. ആറാം പ്രതി ടെന്‍ഷന്‍ ശ്രീജിത്തിന് 14 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. രണ്ടാം പ്രതി ഷഫീഖ്, ഏഴാം പ്രതി ഷൈജു എന്നിവര്‍ക്ക് എട്ടു വര്‍ഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയുമാണ് ശിക്ഷ.

പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം വീതം അധിക തടവ് അനുഭവിക്കണം. പ്രതികള്‍ അടക്കുന്ന പിഴത്തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ പരുക്കേറ്റ റൈജേഷിന് നല്‍കാനും കോടതി ഉത്തരവിട്ടു. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2015 നവംബര്‍ 23ന് ഉച്ചയ്ക്ക് 1.15ഓടെ എരുവട്ടി കൊഴൂര്‍ നോര്‍ത്തിലെ ബോഡി വര്‍ക്ക് ഷോപ്പിലാണ് അക്രമം നടന്നത്. ബസ് ക്ലീനറായ റൈജേഷിനെ ബസിനുള്ളില്‍ വച്ച് സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ കൈപ്പത്തി അറ്റുപോയ റൈജേഷിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേര്‍ക്കുകയുമായിരുന്നു. ടെന്‍ഷന്‍ ശ്രീജിത്ത്, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിഖിലിനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നയാളാണ്. ഇയാള്‍ക്ക് ശിക്ഷാ കാലയളവില്‍ തുടര്‍ച്ചയായി പരോള്‍ ലഭിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രേഷ്മയും റൈജേഷിനു വേണ്ടി അഭിഭാഷകൻ പി. പ്രേമരാജനും ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/354101/rss-worker-pinarayis-mk-raijesh-attempted-murder-case-three-cpm-workers-sentenced-to-rigorous-imprisonment-and-fine)