---
title: "ചൂട് കൂടുന്നു; തലശ്ശേരിയിൽ വ്യാപാരിക്ക് സൂര്യാഘാതം, കൈക്ക് പൊള്ളൽ"
english_title: "Heat is increasing; Trader suffers sunstroke, burns to hand in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353317/heat-is-increasing-trader-suffers-sunstroke-burns-to-hand-in-thalassery"
published_at: "2026-04-14T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dde534e1b17_Untitled-2_copy.jpg"
keywords: []
---

# ചൂട് കൂടുന്നു; തലശ്ശേരിയിൽ വ്യാപാരിക്ക് സൂര്യാഘാതം, കൈക്ക് പൊള്ളൽ

> **Lead Summary:** തലശ്ശേരി: തലശ്ശേരി നഗരത്തിൽ ഉയരുന്ന കടുത്ത ചൂടിനിടെ വ്യാപാരിക്ക് സൂര്യാഘാതമേറ്റ സംഭവം ആശങ്കയുണ്ടാക്കുന്നു. എം.എം റോഡിലെ വ്യാപാരിയായ സാക്കിർ കാത്താണ്ടിക്കാണ് ഇടത് കൈയിൽ ഗുരുതരമായ പൊള്ളലേറ്റത്.

## Article Content

തലശ്ശേരി: തലശ്ശേരി നഗരത്തിൽ ഉയരുന്ന കടുത്ത ചൂടിനിടെ വ്യാപാരിക്ക് സൂര്യാഘാതമേറ്റ സംഭവം ആശങ്കയുണ്ടാക്കുന്നു. എം.എം റോഡിലെ വ്യാപാരിയായ സാക്കിർ കാത്താണ്ടിക്കാണ് ഇടത് കൈയിൽ ഗുരുതരമായ പൊള്ളലേറ്റത്.

വോട്ടെടുപ്പ് ദിവസമായിരുന്നു ആദ്യം ലക്ഷണങ്ങൾ പ്രകടമായത്. കൈയിൽ ചെറിയ പുകച്ചലും ചൂട് തോന്നലും അനുഭവപ്പെട്ടെങ്കിലും ആദ്യം അത്ര ശ്രദ്ധിക്കാതെ അവഗണിക്കുകയായിരുന്നു. എന്നാൽ പിറ്റേദിവസം രാവിലെയോടെ സ്ഥിതി ഗുരുതരമായി. തീപൊള്ളലേറ്റത് പോലെ കൈയിൽ വലിയ കുമിളകൾ രൂപപ്പെടുകയും രാത്രി അവ പൊട്ടുകയും ചെയ്തതായി സാക്കിർ വ്യക്തമാക്കി. ശക്തമായ സൂര്യപ്രകാശത്തിൽ ദീർഘസമയം ചെലവഴിച്ചതാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.

കടുത്ത വേനൽ ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ഉച്ചസമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, ആവശ്യമായ വെള്ളം കുടിക്കുക, സംരക്ഷണ വസ്ത്രങ്ങൾ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത അനിവാര്യമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353317/heat-is-increasing-trader-suffers-sunstroke-burns-to-hand-in-thalassery)