---
title: "എപ്പോൾ കിട്ടും ഒരു വീട് : പാനൂർ നഗരസഭയുടെ കനിവ് കാത്ത് പാതി തകർന്ന വീട്ടിൽ ഒരമ്മ"
english_title: "When will I get a house: A mother in a half-destroyed house awaits the mercy of the Panur Municipality"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353260/when-will-i-get-a-house-a-mother-in-a-half-destroyed-house-awaits-the-mercy-of-the-panur-municipality"
published_at: "2026-04-14T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddbf2ebdcca_Untitled-2_copy.jpg"
keywords: []
---

# എപ്പോൾ കിട്ടും ഒരു വീട് : പാനൂർ നഗരസഭയുടെ കനിവ് കാത്ത് പാതി തകർന്ന വീട്ടിൽ ഒരമ്മ

> **Lead Summary:** പാനൂർ : ദാരിദ്ര്യമുക്ത കേരളം എന്ന ലക്ഷ്യം ഭരണകൂടങ്ങൾ ആവർത്തിച്ച് മുന്നോട്ടുവെക്കുമ്പോഴും, അതിന്റെ മറുവശത്ത് മനസാക്ഷിയെ കുലുക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ ഇന്നും നിലനിൽക്കുന്നു. അത്തരത്തിലൊരു ദുഖകഥയാണ് പാനൂർ നഗരസഭയിലെ 25-ാം വാർഡിലെ കരിയാട് പ്രദേശത്ത് താമസിക്കുന്ന 72 കാരിയായ കോവുമ്മൽ നാരായണിയുടേത്.

## Article Content

പാനൂർ : ദാരിദ്ര്യമുക്ത കേരളം എന്ന ലക്ഷ്യം ഭരണകൂടങ്ങൾ ആവർത്തിച്ച് മുന്നോട്ടുവെക്കുമ്പോഴും, അതിന്റെ മറുവശത്ത് മനസാക്ഷിയെ കുലുക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ ഇന്നും നിലനിൽക്കുന്നു. അത്തരത്തിലൊരു ദുഖകഥയാണ് പാനൂർ നഗരസഭയിലെ 25-ാം വാർഡിലെ കരിയാട് പ്രദേശത്ത് താമസിക്കുന്ന 72 കാരിയായ കോവുമ്മൽ നാരായണിയുടേത്.

ഉറ്റവരും ഉടയവരും ഇല്ലാതെ, രോഗബാധിതയായി ഒറ്റയ്ക്ക് കഴിയുന്ന നാരായണിയമ്മയ്ക്ക് ലഭിക്കുന്ന വിധവ പെൻഷൻ മാത്രമാണ് ആശ്രയം. 2018ലെ കാലവർഷക്കെടുതിയിൽ തകർന്ന വീട്ടിന്റെ അവശിഷ്ടങ്ങളിൽ തന്നെയാണ് ഇന്നും അവരുടെ താമസം. ജീവൻ പോലും ഭീഷണിയിലാക്കുന്ന ആ പാതി തകർന്ന വീടിനുള്ളിൽ, ഓരോ ദിവസവും ഭയത്തോടെയാണ് ഈ വയോധികയുടെ ജീവിതം മുന്നോട്ട് നീങ്ങുന്നത്.

> സർക്കാരിന്റെ “എല്ലാവർക്കും പാർപ്പിടം” എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടാൻ ഏറ്റവും അർഹതയുള്ളവരിൽ ഒരാളായിട്ടും, ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നത് നാരായണിയമ്മയുടെ വേദനയാണ്. സ്വന്തം പേരിലുള്ള മൂന്നര സെന്റ് സ്ഥലത്ത് വീടിന് തറകെട്ടി വർഷങ്ങളായി കാത്തിരിക്കുകയാണ് അവർ.

മഴയും കാറ്റും ശക്തമാകുന്ന രാത്രികളിൽ സഹോദരിയുടെ വീട്ടിൽ അഭയം തേടേണ്ടിവരുന്ന അവസ്ഥയാണ്. വാർഡ് കൗൺസിലർമാരെയും നഗരസഭാ ഉദ്യോഗസ്ഥരെയും പലവട്ടം സമീപിച്ചിട്ടും, നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് അവർ പറയുന്നു.

വർഷങ്ങളായി ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ ആളുകൾ മുന്നോട്ട് വന്നിരുന്നെങ്കിലും, അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ അവഗണന മാത്രമാണ് നേരിടേണ്ടി വന്നതെന്നാണ് അവരുടെ ആരോപണം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അതും നഷ്ടപ്പെട്ടുവെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

> “എനിക്ക് ഒരു സുരക്ഷിതമായ വീട് വേണം... ഇനി ആരെ സമീപിക്കണം?” — ഈ ചോദ്യം മാത്രമാണ് നാരായണിയമ്മയുടെ കണ്ണീരോടെ നിറഞ്ഞ അപേക്ഷ.

അടച്ചുറപ്പുള്ള ഒരു വീടിനായി ഇന്നും കാത്തിരിക്കുന്ന ഈ അമ്മയുടെ ജീവിതം, സമൂഹത്തിനും ഭരണകൂടത്തിനും മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353260/when-will-i-get-a-house-a-mother-in-a-half-destroyed-house-awaits-the-mercy-of-the-panur-municipality)