---
title: "കൊൽക്കത്തയിൽ മലയാളി നിയമവിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം ;  അസ്വാഭാവിക മരണത്തിന് കേസ്"
english_title: "Malayali law student falls to death from hostel building in Kolkata; Case filed for unnatural death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353256/malayali-law-student-falls-to-death-from-hostel-building-in-kolkata-case-filed-for-unnatural-death"
published_at: "2026-04-14T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddb6a032dd9_69dda9321425d_death_klkta.jpg"
keywords: []
---

# കൊൽക്കത്തയിൽ മലയാളി നിയമവിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം ;  അസ്വാഭാവിക മരണത്തിന് കേസ്

> **Lead Summary:** കൊൽക്കത്തയിൽ മലയാളി നിയമവിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥിയും എറണാകുളം പാലാരിവട്ടം പഴശ്ശിറോഡ് വടശ്ശേരി വീട്ടിൽ ജെബിൻ ജോസിന്റെ മകനുമായ ജുവാൻ ജോസ് ജെബിൻ ആണ് മരിച്ചത്‌. അമ്മ: ജെസി.

## Article Content

കൊൽക്കത്തയിൽ മലയാളി നിയമവിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥിയും എറണാകുളം പാലാരിവട്ടം പഴശ്ശിറോഡ് വടശ്ശേരി വീട്ടിൽ ജെബിൻ ജോസിന്റെ മകനുമായ ജുവാൻ ജോസ് ജെബിൻ ആണ് മരിച്ചത്‌. അമ്മ: ജെസി.

തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കാമ്പസിൽനിന്ന് കണ്ടെടുത്തത്. ഹോസ്റ്റൽ കെട്ടിടത്തിനുതാഴെ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ബിധാൻനഗർ സൗത്ത് പോലീസ് കാമ്പസിലെത്തി ജുവാന്റെ സഹപാഠികളെയും സർവകലാശാലാ ജീവനക്കാരെയും ചോദ്യം ചെയ്തു.

സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം ബിധാൻനഗർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണുമരിച്ചു എന്നാണ് അധികൃതർ വീട്ടിൽ അറിയിച്ചിരിക്കുന്നത്.

2012-ലും 2015-ലും ഇതേ സ്ഥാപനത്തിൽ വിദ്യാർഥികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. 2012-ൽ വാസിം ഇക്ബാൽ എന്ന വിദ്യാർഥിയാണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ നിലയിലായിരുന്നു. 2015-ൽ അസം സ്വദേശിയായ വികാസ് ചൗധരിയെന്ന ഒന്നാംവർഷ വിദ്യാർഥിയാണ് മരിച്ചത്‌. കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കൾ അന്നത്തെ സർവകലാശാലാ വി.സി.ക്കും ഹോസ്റ്റൽ വാർഡനുമെതിരേ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353256/malayali-law-student-falls-to-death-from-hostel-building-in-kolkata-case-filed-for-unnatural-death)