---
title: "ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ"
english_title: "According to EVM-postal votes, 79.63% polling and service votes have not been counted in Kerala; Khelkar says final count will change"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353212/according-to-evm-postal-votes-7963-polling-and-service-votes-have-not-been-counted-in-kerala-khelkar-says-final-count-will-change"
published_at: "2026-04-13T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dceb24896b2_Untitled-1_copy.jpg"
keywords: []
---

# ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ

> **Lead Summary:** ഇ വി എം, തപാൽ, ഹോം വോട്ടുകൾ ചേർത്ത് കേരളത്തിൽ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. അടിയന്തരമായി കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. ഇതിൽ പ്രതികരിച്ചാണ് കേൽക്കർ വാർത്താസമ്മേളനം നടത്തിയത്.

## Article Content

ഇ വി എം, തപാൽ, ഹോം വോട്ടുകൾ ചേർത്ത് കേരളത്തിൽ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. അടിയന്തരമായി കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. ഇതിൽ പ്രതികരിച്ചാണ് കേൽക്കർ വാർത്താസമ്മേളനം നടത്തിയത്.

പ്രിസൈഡിങ്ങ് ഓഫീസർ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാൽ സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. അന്തിമ കണക്ക് മാറുമെന്നും രത്തൻ യു കേൽക്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇവിഎമ്മിലെ വോട്ടുകണക്ക് 78.27 ശതമാനമാണ്. തപാൽ വോട്ടിന്‍റെ ശതമാനകണക്ക് 1.36. രണ്ടുംകൂടി ചേരുമ്പോൾ പോളിങ് 79.63 ശതമാനമാകും. 53984 സര്‍വീസ് വോട്ടുകളിൽ എത്രയെണ്ണം പോള്‍ ചെയ്തുവെന്നത് കൂടി ചേര്‍ത്തേ അന്തിമ കണക്കാകൂ. അതാകുന്നത് വോട്ടെണ്ണലിന് ശേഷമാണ്. കണക്ക് പാർട്ടികൾക്ക് നൽകി. അന്തിമ കണക്ക് വന്നതിന് ശേഷം ഇൻഡക്സ് കാർഡ് ഇറക്കും.

അതേസമയം തപാൽ വോട്ട് ഇന്നലെ വരെ മുതിർന്ന പൗരൻമാർ 96.3 ശതമാനവും, ഭിന്നശേഷിക്കാർ 97.71 ശതമാനവും, ആവശ്യ സർവീസ് 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ 96.37 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുരുഷന്മാർ 75.19 ശതമാനവും, സ്ത്രീകൾ 81.19 ശതമാനവും, ട്രാൻസ് ജെൻഡർ 56.04 ശതമാനവും വോട്ട് രേഖപ്പെടുത്തി.

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിൽ രത്തൻ യു കേൽക്കർ പ്രതികരിച്ചു. കൃത്യതയ്ക്ക് വേണ്ടിയാണ് തപാൽ വോട്ടുകളുടെ കണക്കുകൾ തിട്ടപ്പെടുത്താൻ സമയമെടുത്തത്. സാധാരണ വൈകൽ മാത്രമാണ് ഉണ്ടായത്. 3 ദിവസം മാത്രമാണ് എടുത്തതെന്നും, എല്ലാ ഘട്ടങ്ങളിലും പാർട്ടികൾക്ക് പങ്കാളിത്തമുണ്ടെന്നും രത്തൻ യു കേൽക്കർ പറഞ്ഞു.

ഒരു ആശയക്കുഴപ്പവും വേണ്ട, എല്ലാം സുതാര്യമാണ്. എല്ലാ പാർട്ടികൾക്കും ബൂത്തിലെ കണക്കുണ്ട്. തപാൽ വോട്ട് എടുത്തതും പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. സ്ട്രോങ് റൂമിലെ വെബ് കാസ്റ്റിങ് എല്ലാ പാര്‍ട്ടികള്‍ക്കും കാണാൻ അവസരമൊരുക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ട് ചെയ്യാനായില്ലെന്ന് പരാതിയുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കാം. ആർ ഒ മാർക്ക് പരാതി കൊടുക്കണം. കമ്മീഷൻ ആരുടെയും വോട്ട് നിഷേധിച്ചിട്ടില്ല. എസ് ഐ ആർ നടത്തിയതിന്റെ ഗുണം ഉണ്ടാകുമെന്നും രത്തൻ യു കേൽക്കർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353212/according-to-evm-postal-votes-7963-polling-and-service-votes-have-not-been-counted-in-kerala-khelkar-says-final-count-will-change)