---
title: "എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ....., പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ  പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്"
english_title: "Will you take me, Uppapa....., if only you had taken Ponnu Molle; Uppapa Ammad burst into tears at the departure of little Hidsa Mariam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352913/will-you-take-me-uppapa-if-only-you-had-taken-ponnu-molle-uppapa-ammad-burst-into-tears-at-the-departure-of-little-hidsa-mariam"
published_at: "2026-04-11T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da55df80bb7_69da4bfe63123_hidhsa_mariyam.jpg"
keywords: []
---

# എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ....., പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ  പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

> **Lead Summary:** ഏവരുടെയും നെഞ്ചുപിളർക്കുന്ന കാഴചയാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ. 'ഇന്ന് രാവിലെ എന്റെ പൊന്ന് മകൾ ഫോണിൽ വിളിച്ചു. എന്നെഅങ്ങ് കൂട്ടുമോ ഉപ്പാപ്പാ..... രാവിലെ പോയി ഞാൻ മോളെ കൂട്ടിയിരുന്നെങ്കിൽ ഇന്ന് ഈ വൈകിട്ട് എന്റെ ഒപ്പം അവൾ ഉണ്ടാകുമായിരുന്നു. എന്തിനാ പടച്ച തമ്പുരാനെ എന്റെ പൊന്ന് മോളെ ഇപ്പൊ അങ്ങ് കൂട്ടിയത്....' ഹിദ്സ മറിയത്തിന്റെ ഉമ്മയുടെ പിതാവ് വളയം ഉഴിഞ്ഞക്കര അമ്മദിന്റെ നിലവിളിയിൽ ഏവരുടെയും നെഞ്ച് പിടഞ്ഞു.

## Article Content

ഏവരുടെയും നെഞ്ചുപിളർക്കുന്ന കാഴചയാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ. 'ഇന്ന് രാവിലെ എന്റെ പൊന്ന് മകൾ ഫോണിൽ വിളിച്ചു. എന്നെഅങ്ങ് കൂട്ടുമോ ഉപ്പാപ്പാ..... രാവിലെ പോയി ഞാൻ മോളെ കൂട്ടിയിരുന്നെങ്കിൽ ഇന്ന് ഈ വൈകിട്ട് എന്റെ ഒപ്പം അവൾ ഉണ്ടാകുമായിരുന്നു. എന്തിനാ പടച്ച തമ്പുരാനെ എന്റെ പൊന്ന് മോളെ ഇപ്പൊ അങ്ങ് കൂട്ടിയത്....' ഹിദ്സ മറിയത്തിന്റെ ഉമ്മയുടെ പിതാവ് വളയം ഉഴിഞ്ഞക്കര അമ്മദിന്റെ നിലവിളിയിൽ ഏവരുടെയും നെഞ്ച് പിടഞ്ഞു.

ഹിദ്സയുടെ ഉമ്മയും അമ്മദിന്റെ മകളുമായ അസ്മിന പൂർണ ഗർഭിണിയാണ്. വളയത്തെ വീട്ടിലായിരുന്നു ഉമ്മ വോട്ട് രേഖപ്പെടുത്താൻ വേവത്തെ ഭർതൃ വീട്ടിലേക്ക് പോയപ്പോൾ ഹിദ്സയും കൂടെ പോകുകയായിരുന്നു. ഹിദ്സ ഉമ്മയുടെ വീട്ടിലാണ് അധിക സമയവും ഉണ്ടാകാറുള്ളത്. ഇന്ന് രാവിലെ ഉപ്പാപ്പ കൂട്ടിക്കൊണ്ട് പോകാൻ വരില്ലെന്ന് അറിഞ്ഞതോടെ ഉച്ച ഭക്ഷണം കഴിഞ്ഞ് പുഴയിൽ അലക്കാൻ പോകുകയായിരുന്ന സുഹാദയുടെയും മക്കൾക്കുമൊപ്പം പുഴയിലേക്ക് പോകുകയായിരുന്നു ഹിദ്സ.

ഹിദ്സ വെള്ളക്കെട്ടിൽ മുങ്ങുന്നത് കണ്ട് സുഹാദ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. ഇവരും മുങ്ങി പോയതോടെ കുട്ടികളുടെ ബഹളം കേട്ട് അൻസാറും ഓടിയെത്തി. പുഴയിൽ ഇറങ്ങിയ അൻസാറും ഉഴിയിലെ ചെളിയിൽ അകപ്പെട്ട് പോകുകയായിരുന്നു. നാട്ടുകാരാണ് മൂവരെയും പുഴയിൽ നിന്നെടുത്ത് ആശുപത്രിയിൽ എത്തിച്ചത് .

നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുടെയും പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയായി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352913/will-you-take-me-uppapa-if-only-you-had-taken-ponnu-molle-uppapa-ammad-burst-into-tears-at-the-departure-of-little-hidsa-mariam)