---
title: "സംസ്ഥാനത്തൊട്ടാകെയും,കണ്ണൂരിലും  കനത്ത പോളിംഗ് ;  ജില്ലയിൽ 2183  ബൂത്തുകളിൽ 1724 എണ്ണത്തിൽ പോളിംഗ് പൂർത്തിയായപ്പോൾ  മാത്രം  77.48 ശതമാനം..!"
english_title: "Heavy polling across the state and in Kannur; 77.48 percent polling was completed in 1724 of the 2183 booths in the district..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352518/heavy-polling-across-the-state-and-in-kannur-7748-percent-polling-was-completed-in-1724-of-the-2183-booths-in-the-district"
published_at: "2026-04-09T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7ae14583c4_Untitled-4_copy.jpg"
keywords: []
---

# സംസ്ഥാനത്തൊട്ടാകെയും,കണ്ണൂരിലും  കനത്ത പോളിംഗ് ;  ജില്ലയിൽ 2183  ബൂത്തുകളിൽ 1724 എണ്ണത്തിൽ പോളിംഗ് പൂർത്തിയായപ്പോൾ  മാത്രം  77.48 ശതമാനം..!

> **Lead Summary:** സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ, ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.

## Article Content

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ, ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.

883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്.

ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. 80 ശതമാനത്തിന് മുകളില്‍ പോളിംഗ് കേരളത്തില്‍ ഉറപ്പിക്കാം എന്നാണ് ഇപ്പോള്‍ മനസിലാവുന്ന സൂചന. 1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ്.

1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം ആയിരുന്നു 87-ലെ പോളിംഗ് നില. 74.06 ശതമാനമായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ പോളിംഗ്. കണ്ണൂരിൽപോളിംഗ് ശതമാനം 76 ശതമാനം പിന്നിട്ടു. പലയിടത്തും വോട്ടിംഗ് അവസാനിച്ചിട്ടില്ലാത്തതിനാൽ പോളിംഗ് ശതമാനം രാത്രി വൈകി മാത്രമെ കൃത്യമായി കണക്കാക്കാനാകൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352518/heavy-polling-across-the-state-and-in-kannur-7748-percent-polling-was-completed-in-1724-of-the-2183-booths-in-the-district)