---
title: "ഇന്ന്  അനന്ത് അംബാനിയുടെ മുപ്പതാം പിറന്നാൾ ; തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് 60 ലക്ഷം രൂപ നൽകി"
english_title: "Anant Ambani's 30th birthday on today ; He donated Rs 60 lakhs to the Thiruvangad Sree Ramaswamy Temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352486/anant-ambanis-30th-birthday-on-today-he-donated-rs-60-lakhs-to-the-thiruvangad-sree-ramaswamy-temple"
published_at: "2026-04-09T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d77c6e75806_Untitled-1_copy.jpg"
keywords: []
---

# ഇന്ന്  അനന്ത് അംബാനിയുടെ മുപ്പതാം പിറന്നാൾ ; തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് 60 ലക്ഷം രൂപ നൽകി

> **Lead Summary:** രാജ്യത്തെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനി തന്റെ പിറന്നാൾ ദിനം ആത്മീയതയും ദാനധർമ്മവും നിറഞ്ഞ ഒരു പ്രത്യേക ദിനമായി മാറ്റി. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ജീർണോദ്ദാരണ പ്രവർത്തനങ്ങൾക്ക് പിന്തുണയായി 60 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവനയായി നൽകിയത്. വ്യാഴാഴ്ചയാണ് അനന്ത് അംബാനിയുടെ മുപ്പതാം പിറന്നാൾ.

## Article Content

രാജ്യത്തെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനി തന്റെ പിറന്നാൾ ദിനം ആത്മീയതയും ദാനധർമ്മവും നിറഞ്ഞ ഒരു പ്രത്യേക ദിനമായി മാറ്റി. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ജീർണോദ്ദാരണ പ്രവർത്തനങ്ങൾക്ക് പിന്തുണയായി 60 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവനയായി നൽകിയത്. വ്യാഴാഴ്ചയാണ് അനന്ത് അംബാനിയുടെ മുപ്പതാം പിറന്നാൾ.

നാളുകളായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് ഈ സഹായം വലിയ ഉണർവും പ്രതീക്ഷയും നൽകുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ദൈവഹിതം പോലെ തന്നെയാണ് ഈ സഹായം ലഭിച്ചതെന്നും, ശ്രീരാമസ്വാമിയുടെയും, ആഞ്ജനേയ സ്വാമിയുടെയും അനുഗ്രഹം അനന്തിനും കുടുംബത്തിനും എന്നുമുണ്ടാകുമെന്നും തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം ജീർണോദ്ദാരണ കമ്മിറ്റി ജനറൽ കൺവീനർ പ്രദീപ് കുമാർ, ക്ഷേത്രം ഊഴക്കാരൻ ഇ. ജയറാം, ക്ഷേത്രം കോയ്മ ഗോവിന്ദൻ മൂസത് എന്നിവർ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ക്ഷേത്ര ജീർണോദ്ദാരണ കമ്മിറ്റിയുടെ പേരിൽ ബാങ്ക് ഓഫ് ബറോഡയുടെ തിരുവങ്ങാട് ശാഖയിലെ അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപ എത്തി. ഈ വലിയ സഹായം ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് വേഗം നൽകുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.

ഇതിനു മുൻപ് തളിപ്പറമ്പിലെ പ്രശസ്തമായ രാജ രാജേശ്വരി ക്ഷേത്രത്തിനും ഏകദേശം ഒരു കോടി രൂപ സംഭാവനയായി നൽകിയതിലൂടെ അനന്ത് അംബാനി തന്റെ ആത്മീയബന്ധവും സാമൂഹിക ഉത്തരവാദിത്വവും തെളിയിച്ചിരുന്നു.

പിറന്നാൾ ആഘോഷങ്ങളെ സമൂഹസേവനത്തിനും ആത്മീയതയ്ക്കുമായി മാറ്റി നിർത്തിയ അനന്ത് അംബാനിയുടെ ഈ പ്രവർത്തി, സമ്പത്തിനൊപ്പം മനസ്സിന്റെ വലുപ്പവും, പങ്കിടലിന്റെ മഹത്വവും നമ്മെ ഓർമ്മിപ്പിക്കുന്ന പ്രചോദനകരമായ മാതൃകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352486/anant-ambanis-30th-birthday-on-today-he-donated-rs-60-lakhs-to-the-thiruvangad-sree-ramaswamy-temple)