---
title: "കെ. സുധാകരനെ വീട്ടിലെത്തി കണ്ട് ടി.കെ. ഗോവിന്ദൻ ;  പ്രചരണത്തിന് വരുമെന്ന് ഉറപ്പു നൽകി കെ.എസ്"
english_title: "K. Sudhakaran visited T.K. Govindan at his home; K.S assured him that he would come for the campaign"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348962/k-sudhakaran-visited-tk-govindan-at-his-home-ks-assured-him-that-he-would-come-for-the-campaign"
published_at: "2026-03-21T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be583c59449_download.jfif"
keywords: []
---

# കെ. സുധാകരനെ വീട്ടിലെത്തി കണ്ട് ടി.കെ. ഗോവിന്ദൻ ;  പ്രചരണത്തിന് വരുമെന്ന് ഉറപ്പു നൽകി കെ.എസ്

> **Lead Summary:** കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ. കെ. സുധാകരൻ്റെ നടാലിലെ വീട്ടിലെത്തിയാണ് ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയത്. സുധാകരൻ ത്രിവർണ ഷാൾ അണിയിച്ചാണ് ഗോവിന്ദനെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ പൂർണ പിന്തുണ സുധാകരൻ വാഗ്ദാനം ചെയ്തെന്ന് ഗോവിന്ദൻ അറിയിച്ചു. തളിപ്പറമ്പിൽ ഗോവിന്ദന് വേണ്ടി സുധാകരൻ പ്രചാരണത്തിന് ഇറങ്ങും.

## Article Content

കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തി തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ. കെ. സുധാകരൻ്റെ നടാലിലെ വീട്ടിലെത്തിയാണ് ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയത്. സുധാകരൻ ത്രിവർണ ഷാൾ അണിയിച്ചാണ് ഗോവിന്ദനെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ പൂർണ പിന്തുണ സുധാകരൻ വാഗ്ദാനം ചെയ്തെന്ന് ഗോവിന്ദൻ അറിയിച്ചു. തളിപ്പറമ്പിൽ ഗോവിന്ദന് വേണ്ടി സുധാകരൻ പ്രചാരണത്തിന് ഇറങ്ങും.

തളിപ്പറമ്പിൽ നേരത്തെ നിശ്ചയിച്ച സ്ഥാനാർഥിയെ മാറ്റിയാണ് സിപിഐഎം വിട്ട് വന്ന ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചത്. ടി.കെ. ഗോവിന്ദൻ സ്ഥാനാർഥിയായാൽ ഒന്നിലധികം വിമതർ സ്ഥാനാർഥിയായി വരുമെന്ന ആശങ്കയാണ് പശ്ചാത്തലം. കെപിസിസി അംഗമായ കൊയ്യം ജനാർദനനോ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനനോ വിമത സ്ഥാനാർഥിയായി വരാനുള്ള സാഹചര്യം തളിപ്പറമ്പിൽ നിലനിൽക്കുകയാണ്.

അപ്പോഴാണ് ഒരാഴ്ച മുൻപ് സിപിഐഎം ബന്ധം ഉപേക്ഷിച്ച് യുഡിഎഫിൻ്റെ പിന്തുണ തേടുന്ന ടി.കെ. ഗോവിന്ദൻ സ്ഥാനാർഥിയായി എത്തുന്നത്. ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ മാനസികമായ പ്രശ്നമുണ്ട് എന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്ന സാഹചര്യമുണ്ട്.

60 വർഷത്തോളം കണ്ണൂരിൽ സിപിഐഎം നേതാവായിരുന്ന ടി.കെ. ഗോവിന്ദൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. തളിപ്പറമ്പ് മലപ്പട്ടം, മയ്യിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഏറ്റവുമധികം കെ. സുധാകരനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച നേതാക്കളിൽ ഒരാളായിരുന്നു ടി.കെ. ഗോവിന്ദൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348962/k-sudhakaran-visited-tk-govindan-at-his-home-ks-assured-him-that-he-would-come-for-the-campaign)