---
title: "കൊച്ചിയിൽ സിനിമാ  നടിയെ പിന്തുടർന്ന്  കടന്നുപിടിക്കാൻ ശ്രമം ; ഐടി മാനേജർ അറസ്റ്റിൽ"
english_title: "IT manager arrested for trying to stalk and rape a film actress in Koch"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348891/it-manager-arrested-for-trying-to-stalk-and-rape-a-film-actress-in-koch"
published_at: "2026-03-21T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be2c1e56218_69be192b8d074_IT_manager_arrested_for_stalking_and_harassing_her.jpg"
keywords: []
---

# കൊച്ചിയിൽ സിനിമാ  നടിയെ പിന്തുടർന്ന്  കടന്നുപിടിക്കാൻ ശ്രമം ; ഐടി മാനേജർ അറസ്റ്റിൽ

> **Lead Summary:** സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പോലീസ് പിടിയിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

സിനിമാ നടിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പോലീസ് പിടിയിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് കലൂർ സ്റ്റേഡിയത്തിന് പരിസരത്തുള്ള ഒരു സ്ഥാപനത്തിൽ എത്തിയപ്പോഴായിരുന്നു നടിക്കുനേരെ അതിക്രമമുണ്ടായത്. പ്രതി നടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും പിന്നീട് കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിപിൻ റോയി പിടിയിലായത്.

ഇയാളെ പിടികൂടാനായി അപ്പോള്‍ തന്നെ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വിപിന്‍ റോയ് കതൃക്കടവിലെ വീട്ടില്‍ എത്തിയെന്ന് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് അവിടെ എത്തിയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

എംബിഎ ബിരുദധാരിയായ വിപിന്‍ റോയ് കാക്കനാട്ടുള്ള ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന പരാതിയും യുവാവിനെതിരെ നടി ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലടക്കം നിരന്തരം ഇയാള്‍ മെസേജ് അയക്കാറുണ്ടായിരുന്നു എന്നും ഇത്രയും നാള്‍ റിപ്ലെ നല്‍കാതെ ഒഴിവാക്കി വിടുകയായിരുന്നു താനെന്നുമാണ് നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348891/it-manager-arrested-for-trying-to-stalk-and-rape-a-film-actress-in-koch)