---
title: "മകളാണ്, മറക്കരുത് ; പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് കൊല്ലാൻ അമ്മയുടെ ശ്രമം, എട്ടുവയസുകാരി വെന്റിലേറ്ററിൽ"
english_title: "Mother tries to kill daughter by pushing her in front of a speeding train, eight-year-old on ventilator"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348604/mother-tries-to-kill-daughter-by-pushing-her-in-front-of-a-speeding-train-eight-year-old-on-ventilator"
published_at: "2026-03-19T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbbddf93493_Untitled-6_copy.jpg"
keywords: []
---

# മകളാണ്, മറക്കരുത് ; പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് കൊല്ലാൻ അമ്മയുടെ ശ്രമം, എട്ടുവയസുകാരി വെന്റിലേറ്ററിൽ

> **Lead Summary:** ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് എട്ടുവയസുകാരിയെ കൊല്ലാൻ അമ്മയുടെ ശ്രമം. തലയ്‌ക്കും അരയ്‌ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ രണ്ടാംക്ലാസുകാരി വെന്റിലേറ്ററിൽ തുടരുകയാണ്. മദ്ധ്യപ്രദേശിലെ നർമ്മദാപുരം റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം.

## Article Content

ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് എട്ടുവയസുകാരിയെ കൊല്ലാൻ അമ്മയുടെ ശ്രമം. തലയ്‌ക്കും അരയ്‌ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ രണ്ടാംക്ലാസുകാരി വെന്റിലേറ്ററിൽ തുടരുകയാണ്. മദ്ധ്യപ്രദേശിലെ നർമ്മദാപുരം റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം.

അമ്മയോടൊപ്പമാണ് എട്ടുവയസുകാരി റെയിൽവേ സ്റ്റേഷനിലെത്തിയത്. പെൺകുട്ടിയുടെ അമ്മ സർക്കാർ ജീവനക്കാരിയാണ് . ഭർത്താവിന്റെ മരണശേഷം ആശ്രിതനിയമനമായാണ് ഇവർക്ക് സർക്കാർ ജോലി ലഭിച്ചത്. മലഖേഡി പ്രദേശത്ത് മകൾക്കൊപ്പം ഇവർ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. സംഭവത്തിന് മുമ്പ് അമ്മയും മകളും ഏകദേശം മൂന്ന് മണിക്കൂറോളം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നെന്ന് സ്‌റ്റേഷൻ ജീവനക്കാർ പറയുന്നു.

രാത്രി 7.40 ഓടെ തമിഴ്‌നാട് എക്‌സ്‌പ്രസ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്കെത്തിയപ്പോൾ പെട്ടെന്നിവർ പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. എഞ്ചിനിൽ തട്ടിവീണ പെൺകുട്ടി പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിൽ കുടുങ്ങി. ട്രെയിൻ കടന്നുപോകുന്നതുവരെ പെൺകുട്ടി കുടുങ്ങിക്കിടന്നു.റെയിൽജീവനക്കാരും യാത്രക്കാരും ചേർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. അതിനകം തന്നെ എട്ടുവയസുകാരിയുടെ ശരീരത്തിൽ നിന്നും വലിയ രീതിയിൽ രക്തം വാർന്നുപോയിരുന്നു.

ആദ്യം ജില്ലാ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനാൽ കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നിടത്തേക്ക് മാറ്റി.എന്നാൽ, ഇവരോട് കുട്ടിയെ രക്ഷിക്കരുതെന്ന് അമ്മ ആവർത്തിച്ച് ആവശ്യപ്പെട്ടതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കുറച്ചുവർഷങ്ങളായിവർ മാനസികവെല്ലുവിളിയുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348604/mother-tries-to-kill-daughter-by-pushing-her-in-front-of-a-speeding-train-eight-year-old-on-ventilator)