---
title: "രൂക്ഷ വിമർശനങ്ങളുയർത്തി പാർട്ടിയിൽ നിന്നും പുറത്ത് പോയ ടി.കെ ഗോവിന്ദനെ പുറത്താക്കിയെന്ന് സി പി എം"
english_title: "CPM says it has expelled TK Govindan, who left the party after facing severe criticism"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348240/cpm-says-it-has-expelled-tk-govindan-who-left-the-party-after-facing-severe-criticism"
published_at: "2026-03-17T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9224eb4395_69b9129a511c4_Untitled-2-web.jpg"
keywords: []
---

# രൂക്ഷ വിമർശനങ്ങളുയർത്തി പാർട്ടിയിൽ നിന്നും പുറത്ത് പോയ ടി.കെ ഗോവിന്ദനെ പുറത്താക്കിയെന്ന് സി പി എം

> **Lead Summary:** തളിപ്പറമ്പ് മണ്ഡലത്തില്‍ പാര്‍ട്ടിക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് നടന്ന വിശദീകരണ വാര്‍ത്താസമ്മേളനത്തിലാണ് ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു.

## Article Content

തളിപ്പറമ്പ് മണ്ഡലത്തില്‍ പാര്‍ട്ടിക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് നടന്ന വിശദീകരണ വാര്‍ത്താസമ്മേളനത്തിലാണ് ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു.

എതിരാളികളുമായി ഒത്തുകളിക്കുന്ന ടി.കെ ഗോവിന്ദന്‍ രാഷ്ട്രീയ വഞ്ചന കാണിച്ചെന്ന് ജയരാജന്‍ പറഞ്ഞു. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ അങ്ങേയറ്റം നീചമായാണ് ടി.കെ ഗോവിന്ദന്‍ അവതരിപ്പിച്ചതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി രാഗേഷ് പറഞ്ഞു.

'സ്ഥാനാര്‍ഥി നിര്‍ണയമെന്നത് ഒരാള്‍ ഒറ്റയ്ക്ക് എടുക്കുന്ന തീരുമാനമല്ല. പല നേതാക്കളുടേയും ബന്ധുക്കളെ സ്ഥാനാര്‍ഥികളാക്കുന്നത് അവരുടെ സേവനം കൂടി പരിഗണിച്ചുകൊണ്ടാണ്. പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതും അതേ മാനദണ്ഡത്തിലാണ്. കണ്ണൂരില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന് പാര്‍ട്ടി ആലോചിച്ച ഘട്ടത്തില്‍ തന്നെ പി.കെ ശ്യാമള പരിഗണിക്കപ്പെട്ടിരുന്നു.

പി.കെ ഗോവിന്ദന്റെ യഥാര്‍ഥ പ്രശ്‌നം പാര്‍ലമെന്ററി മോഹമാണെന്ന് കരുതിയിരുന്നില്ല. ഒരു ഘട്ടത്തിലും ടി.കെ ഗോവിന്ദന്റെ പേര് ആരും പറഞ്ഞിരുന്നില്ല. സെക്രട്ടേറിയറ്റ് യോഗത്തില്‍ ടി.കെ ഗോവിന്ദന്‍ സ്വയം പേര് പറയുകയായിരുന്നു'. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.

'ജില്ലാ സെക്രട്ടേറിയറ്റിലെ ഒരാളും ടി.കെ ഗോവിന്ദന്റെ പേര് പറഞ്ഞിരുന്നില്ല. അത് മനസിലാക്കാനുള്ള വിനയം ഗോവിന്ദന്‍ കാണിക്കണമായിരുന്നു. തന്നെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് ഗോവിന്ദന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചോദിക്കുകയും ചെയ്തു.

ശ്യാമള അല്ലാതെ മറ്റാരെങ്കിലും സ്ഥാനാര്‍ഥി ആയിരുന്നെങ്കിലും ഇതേ നിലപാട് തന്നെയായിരിക്കും അദ്ദേഹത്തിന്. പാര്‍ലമെന്ററി വ്യാമോഹവുമായി നടക്കുന്നയാളാണ് ഗോവിന്ദന്‍. ഇതിനായി കെപിസിസി നേതൃത്വത്തെ പോലും അയാള്‍ ബന്ധപ്പെട്ടു. എതിരാളികള്‍ നടത്തുന്ന പ്രചാരണം ഗോവിന്ദന്‍ ഏറ്റെടുത്തു. സണ്ണി ജോസഫിന്റെ വിടുപണി ചെയ്യുന്നു.'രാഗേഷ് കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348240/cpm-says-it-has-expelled-tk-govindan-who-left-the-party-after-facing-severe-criticism)