---
title: "ഡോ. വന്ദനദാസ്  വധകേസ്  ; പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷ വിധി മറ്റന്നാൾ"
english_title: "Dr. Vandana Das murder case; accused Sandeep found guilty, sentencing to be announced the next day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348198/dr-vandana-das-murder-case-accused-sandeep-found-guilty-sentencing-to-be-announced-the-next-day"
published_at: "2026-03-17T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8ffb9101b7_download_(1).jfif"
keywords: []
---

# ഡോ. വന്ദനദാസ്  വധകേസ്  ; പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷ വിധി മറ്റന്നാൾ

> **Lead Summary:** ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം കോടതി. 2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ചാണ് പ്രതി സന്ദീപ്, ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്.

## Article Content

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം കോടതി. 2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ചാണ് പ്രതി സന്ദീപ്, ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്.

പുലർച്ചെയായിരുന്നു കേരളം നടുങ്ങിയ ആ ദാരുണ സംഭവം നടന്നത്. വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഡ്രസിങ് റൂമിൽ മുറിവ് കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി അക്രമാസക്തനായ പ്രതി മുന്നിൽ കണ്ട സർജിക്കൽ കത്രിക കൈക്കലാക്കി പോലീസുകാരെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ചു.

ഭീതിയിൽ എല്ലാവരും ഓടി മാറി. പക്ഷേ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിന് അവിടെനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഡ്രസിങ് റൂമിൽ നിന്നും പുറത്തേക്ക് ഓടാൻ ശ്രമിച്ച വന്ദനയെ പ്രതി തടഞ്ഞു. അവസാനം, നെഞ്ചിലും കഴുത്തിലും മുതുകിലുമായി പല തവണ കുത്തി പരിക്കേൽപ്പിച്ചു.

ജീവനുവേണ്ടി പോരാടിയ യുവ ഡോക്ടർ ഒടുവിൽ മരണത്തിന് കീഴടങ്ങി. അന്വേഷണം പൂർത്തിയായതോടെ കേസ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണയ്ക്ക് എത്തി. വാദത്തിനിടെ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. എന്നാൽ സാക്ഷിമൊഴികളും തെളിവുകളും നിരത്തി പ്രോസിക്യൂഷൻ അത് ശക്തമായി എതിർത്തു. കുറ്റപത്രത്തിലെ വാദങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.പടിക്കല്‍ പറഞ്ഞു. കേസിൽ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 200-ലധികം രേഖകളും കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348198/dr-vandana-das-murder-case-accused-sandeep-found-guilty-sentencing-to-be-announced-the-next-day)