---
title: "കണ്ണൂരിൽ 'ക്യാപ്റ്റൻ' ഇറങ്ങുന്നു ; ഇന്ന്  മട്ടന്നൂർ മുതൽ പിണറായി വരെ  'റോഡ് ഷോ..'"
english_title: "Captain' to land in Kannur; 'Road show' from Mattanur to Pinarayi today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348126/captain-to-land-in-kannur-road-show-from-mattanur-to-pinarayi-today"
published_at: "2026-03-17T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8b68e7b039_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ 'ക്യാപ്റ്റൻ' ഇറങ്ങുന്നു ; ഇന്ന്  മട്ടന്നൂർ മുതൽ പിണറായി വരെ  'റോഡ് ഷോ..'

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും പിണറായി വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ടി കെ ഗോവിന്ദന്റെ മരുമകൾ ടി കെ സുലേഖ പ്രകടനത്തിന്റെ മുൻനിരയിലുണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സുലേഖ.

## Article Content

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും പിണറായി വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ടി കെ ഗോവിന്ദന്റെ മരുമകൾ ടി കെ സുലേഖ പ്രകടനത്തിന്റെ മുൻനിരയിലുണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സുലേഖ.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇക്കുറിയും ധർമ്മടത്ത് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് ധർമ്മടം. ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകൾ ചേർന്നതാണ് ധർമ്മടം നിയമസഭാ മണ്ഡലം. 2008ലാണ് ധർമ്മടം മണ്ഡലം രൂപീകരിക്കപ്പെട്ടത്. 2021ലെ വോട്ടർപട്ടിക പ്രകാരം 193486 ആണ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം. 2021-ൽ 95522 വോട്ടുകളാണ് പിണറായി വിജയൻ നേടിയത്.

സിപിഐഎം വിട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ വര്‍ഗവഞ്ചകനാണെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം വി ജയരാജന്‍.

ടി കെ ഗോവിന്ദന്‍മാഷ് വര്‍ഗ വഞ്ചകനായും യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് പറഞ്ഞതോടെ രാഷ്ട്രീയ വഞ്ചകനായും മാറിയെന്ന് എം വി ജയരാജന്‍ പറഞ്ഞു. 60 വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയതെന്ന് തിരിച്ചറിയുമെങ്കില്‍ ഇത്തരമൊരു വര്‍ഗ വഞ്ചനയും രാഷ്ട്രീയ വഞ്ചനയും അദ്ദേഹം കാണിക്കില്ലായിരുന്നുവെന്നും ഇത്തരം ആളുകളെ ജനം തിരിച്ചറിയുകയും അവര്‍ക്കെതിരെ അണിനിരക്കുകയും ചെയ്യുമെന്നും എം വി ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348126/captain-to-land-in-kannur-road-show-from-mattanur-to-pinarayi-today)