---
title: "മതേതര നിലപാടിൽ 'വെള്ളം' ചേർക്കുന്നു ; ന്യൂ മാഹിയിൽ  ലീഗ് വിട്ടെത്തിയ നേതാവ് സിപിഎമ്മും വിടുന്നു"
english_title: "Adding 'water' to secular stance; Leader who left League in New Mahe also leaves CPM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347539/adding-water-to-secular-stance-leader-who-left-league-in-new-mahe-also-leaves-cpm"
published_at: "2026-03-13T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b435821bc5c_Untitled-3_copy.jpg"
keywords: []
---

# മതേതര നിലപാടിൽ 'വെള്ളം' ചേർക്കുന്നു ; ന്യൂ മാഹിയിൽ  ലീഗ് വിട്ടെത്തിയ നേതാവ് സിപിഎമ്മും വിടുന്നു

> **Lead Summary:** ന്യൂ മാഹി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, മുൻ മുസ്ലിം ലീഗ് നേതാവുമായ കെ.കെ ബഷീർ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലെത്തിയത്. മുമ്പൊക്കെ ന്യൂനപക്ഷത്തിൻ്റെ രക്ഷാകവചമായിരുന്നു സിപിഎം.

## Article Content

ന്യൂ മാഹി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, മുൻ മുസ്ലിം ലീഗ് നേതാവുമായ കെ.കെ ബഷീർ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലെത്തിയത്. മുമ്പൊക്കെ ന്യൂനപക്ഷത്തിൻ്റെ രക്ഷാകവചമായിരുന്നു സിപിഎം.

സിപിഎമ്മിന്റെ മതേതര നിലപാടുകളിൽ വന്ന മാറ്റത്തിലും, ന്യൂനപക്ഷങ്ങളോടുള്ള നിഷേധ സമീപനത്തിലും പ്രതിഷേധിച്ച് പാർട്ടിയിലെ മുതിർന്ന നേതാക്കളിലൊരാളായ ബഷീർ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു. പാർട്ടിയുടെ സമീപകാലത്തെ രാഷ്ട്രീയ നിലപാടുകൾ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മുമ്പൊക്കെ മതേതരത്വത്തിൽ ഉറച്ചുനിന്ന പാർട്ടിയെന്ന വിശ്വാസത്തിലാണ് ഇത്രയും കാലം പ്രവർത്തിച്ചത്. എന്നാൽ അടുത്തിടെയായി ഈ നിലപാടിൽ മാറ്റം വന്നത് പ്രവർത്തകരെ ദുഃഖിപ്പിക്കുന്നു.

മുൻപ് ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമായിരുന്ന പാർട്ടി, ഇപ്പോൾ അവർക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നു. ഇതിന് ഉദാഹരണമാണ് വെള്ളാപ്പള്ളിയെപ്പോലുള്ളവരെ കൂട്ടുപിടിച്ച് മുസ്ലിം സമുദായത്തിനെതിരെ നിലപാടെടുക്കുന്നവരെ പാർട്ടി തിരുത്താൻ തയ്യാറാകാത്തത്. പാർട്ടി വേദികളിൽ തന്റെ ആശങ്കകൾ പലതവണ അറിയിച്ചിട്ടും യാതൊരു മാറ്റവും ഉണ്ടായില്ല. ചർച്ചകൾ കൂടാതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പാർട്ടി കൈക്കൊള്ളുന്നത്.

നിലവിൽ മതേതര നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലാത്തതിനാലാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടാൽ ഏത് സംഘടനയിൽ ചേരണമെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും, ഉചിതമായ സമയത്ത് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കുമെന്നും കെ.കെ ബഷീർ വ്യക്തമാക്കി..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347539/adding-water-to-secular-stance-leader-who-left-league-in-new-mahe-also-leaves-cpm)